കൈയേറ്റം ഒഴിപ്പിക്കൽ: കരുതലോടെ നീങ്ങാൻ റവന്യൂ വകുപ്പ്
text_fieldsമൂന്നാർ: മൂന്നാറിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ കരുതലോടെ നീങ്ങാൻ റവന്യൂ വകുപ്പ് തീരുമാനം. തിങ്കളാഴ്ച ഒഴിപ്പിക്കൽ നടപടി പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ച ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മതിയെന്നാണ് പുതിയ നിലപാട്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സബ് കലക്ടറുടെ നേതൃത്വത്തിൽ ദേവികുളത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
ചൊവ്വാഴ്ച സബ് കലക്ടറുടെയും ബുധനാഴ്ച കലക്ടറുടെയും നേതൃത്വത്തിൽ ചേരുന്ന യോഗങ്ങളിലെ പ്രധാന ചർച്ചാവിഷയം കൈയേറ്റം ഒഴിപ്പിക്കലാണ്. കലക്ടറുടെ നിർദേശപ്രകാരം എല്ലാ പട്ടയങ്ങളുടെയും നിജസ്ഥിതി പരിശോധിക്കും.
വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഭൂസംരക്ഷണസേനാംഗങ്ങളുടെ എണ്ണം 15ഉം പൊലീസിേൻറത് 20ഉം ആയി ഉയർത്തണമെന്നുകാണിച്ച് ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ജില്ല കലക്ടർ ജി.ആർ. ഗോകുലിന് കത്ത് നൽകിയിട്ടുണ്ട്. വിവാദങ്ങൾ കൊഴുക്കുന്നതു തടയുന്നതിെൻറ ഭാഗമായി ഒഴിപ്പിക്കൽ നടപടി ഒരാഴ്ചത്തേക്ക് നിർത്തിവെക്കുമെന്നാണ് സൂചന.
ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറടക്കമുള്ളവരെ സി.പി.എം പ്രവർത്തകർ തടഞ്ഞത് വലിയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. െപാലീസിനെ അറിയിക്കാതെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറുടെ നടപടി ശരിയല്ലെന്ന് ജില്ല പൊലീസ് മേധവിയും എസ്. രാജേന്ദ്രൻ എം.എൽ.എയും രേഖാമൂലം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ചെറുകിട കൈയേറ്റം ഒഴിപ്പിക്കാൻ തിടുക്കംകാട്ടുന്ന സബ് കലക്ടർ വൻകിടക്കാരെ സ്പർശിക്കുന്നില്ലെന്നും ആരോപണം ഉയർന്നു. തിങ്കളാഴ്ച മുതൽ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് സബ് കലക്ടർ ഓഫിസിൽനിന്ന് അറിയിപ്പുണ്ടായെങ്കിലും തൽക്കാലം നടപടി വേണ്ടെന്ന് ഉന്നതങ്ങളിൽനിന്ന് നിർദേശം ലഭിച്ചതായാണ് സൂചന.
ചിന്നക്കനാലിൽ കുരിശും എസ്.എൻ.ഡി.പി ഓഫിസും പൊളിച്ചാൽ സർക്കാറിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ഉടമകൾ കോടതിയിൽനിന്ന് സ്റ്റേ വാങ്ങുമെന്നും അതോടെ ഒഴിപ്പിക്കൽ എന്നന്നേക്കുമായി അവസാനിക്കുമെന്നും അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.