കെ.എം. മാണി വെട്ടിയ ജേക്കബിനെ കരുണാകരൻ മന്ത്രിയാക്കിയെന്ന് വെളിപ്പെടുത്തൽ
text_fieldsകോട്ടയം: കെ.എം.മാണി നിർദേശിക്കാതിരുന്നിട്ടും കേരള കോൺഗ്രസിെൻറ മന്ത്രിയായി ടി.എം. ജേക്കബിനെ കെ.കരുണാകരൻ തീരുമാനിച്ചതായി വെളിപ്പെടുത്തൽ. കെ.എം. മാണിയും കരുണാകരനും തമ്മിലുള്ള അകൽച്ചയായിരുന്നു ഇതിനുകാരണമെന്നും കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ പി.സി. തോമസ്. 'ചരിത്രം എന്നിലൂടെ' യെന്ന അദ്ദേഹത്തിെൻറ ഓർമക്കുറിപ്പിലാണ് വെളിപ്പെടുത്തൽ.
കേന്ദ്രമന്ത്രിയാകാനുള്ള കെ.എം. മാണിയുടെ ശ്രമങ്ങളെ കരുണാകരൻ പിന്തുണച്ചിരുന്നില്ല. ഇത് ഇവർക്കിടയിലെ അകൽച്ച വർധിപ്പിച്ചു. ഇതിനുപിന്നാലെ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ കെ.എം. മാണി തെൻറ പാർട്ടി മന്ത്രിമാരുടെ പേര് പറയാനായി അദ്ദേഹത്തെ കണ്ടു. ലീഡറുടൻ നിങ്ങളുടെ രണ്ടാമത്തെ മന്ത്രി ആരാണെന്നായിരുന്നു ചോദിച്ചത്. ഇതിന് ആദ്യമന്ത്രിയുടെ പേര് പറയേണ്ടേയെന്ന് മാണി ചോദിച്ചപ്പോൾ 'അത് ഞാൻ എഴുതിക്കഴിഞ്ഞു, ടി.എം. ജേക്കബ്' എന്നായിരുന്നുവെന്ന് ലീഡറുടെ മറുപടി-പുസ്തകത്തിൽ പറയുന്നു.
സ്വന്തം പേരിനൊപ്പം മറ്റൊരു എം.എൽ.എയുടെ പേരായിരുന്നു ലീഡർക്ക് കൊടുക്കാനായി കെ.എം. മാണി എഴുതിക്കൊണ്ടുപോയത്. കരുണാകരെൻറ ഇടപെടലിൽ ഇത് മാറിമറിഞ്ഞു. ഇതോടെ എതിരാളിയായിരുന്ന ജേക്കബിനെ മാണിക്ക് മന്ത്രിയായി അംഗീകരിക്കേണ്ടിവന്നു.
കോൺഗ്രസ് പിന്തുണയുണ്ടായിരുന്ന ചന്ദ്രശേഖരെൻറ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയാകാനുള്ള കെ.എം. മാണിയുടെ നീക്കങ്ങളും വിശദമായി പരാമർശിക്കുന്നുണ്ട്. മന്ത്രിസഭയില്‍ കേരള കോണ്‍ഗ്രസിെൻറ പ്രതിനിധി ഉണ്ടാവണമെന്ന് ചന്ദ്രശേഖരന്‍ താൽപര്യം പ്രകടിപ്പിച്ചതിെൻറ അടിസ്ഥാനത്തിൽ കെ.എം. മാണിയുടെ പേര് അന്ന് എം.പിയായിരുന്ന ഞാൻ നിർദേശിക്കുകയായിരുന്നുവെന്ന് തോമസ് പറയുന്നു. അന്നത്തെ ജനതാദള്‍ നേതാവ് സുബ്രഹ്മണ്യന്‍സ്വാമിയെ അറിയിക്കുകയും ചെയ്തു. എന്നാൽ, കെ.കരുണാകരന് വലിയ താൽപര്യമുണ്ടായിരുന്നില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കള്‍ക്കും താൽപര്യമില്ലായിരുന്നു. ഇതോടെ കരുണാകരെൻറ എതിർപ്പ് കുറക്കാനായി കെ.എം. മാണി അദേഹത്തെ നേരിൽകണ്ട് ചര്‍ച്ച നടത്തി. ഇതിൽ ലീഡര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് കെ.എം. മാണി തുറന്നു പറയുകയും ചെയ്തു.
ജോസ്.കെ.മാണിക്ക് മത്സരിക്കാനായി ഏറ്റുമാനൂരിൽനിന്ന് തോമസ് ചാഴിക്കാടനെ മാറ്റാൻ മാണി ശ്രമിച്ചു. കടുത്തുരുത്തിക്ക് ചാഴിക്കാടനെ മാറ്റാനായിരുന്നു നീക്കം. താൻ എതിർത്തു. ഇതോടെ ചാഴിക്കാടൻ ഏറ്റുമാനൂരിൽതന്നെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇതാണ് താനും കെ.എം. മാണിയും തമ്മിലുള്ള അകൽച്ച വർധിക്കാൻ ഇടയാക്കിയതെന്നും തോമസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.