പ്രതികാരക്കൊലകൾ അവസാനിപ്പിക്കണം – വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെന്ന പേരിൽ നടക്കുന്ന പ്രതികാരക്കൊലകൾ അവസാനിപ്പിക്കാൻ എല്ലാ പാർട്ടികളും തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കേരളത്തിലെ ആഭ്യന്തര വകുപ്പിന്‍റെയും നിയമവാഴ്ചയുടെയും പരാജയമാണ് ഇത്തരം കൊലപാതകങ്ങൾ വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ ദിവസം രാത്രി എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാൻ ആലപ്പുഴയിൽ ആർ.എസ്.എസുകാരാൽ ദാരുണമായി കൊല ചെയ്യപ്പെട്ടു. കേരളത്തെ വർഗീയ കലാപഭൂമിയാക്കാനുള്ള ആർ.എസ്.എസിന്‍റെ ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഈ കൊലപാതകം.
പുലർച്ചെ ബി.ജെ.പിയുടെ ഒരു നേതാവും ആലപ്പുഴയിൽ കൊല ചെയ്യപ്പെടുന്നു. പെരിയ ഇരട്ടക്കൊല, വെഞ്ഞാറമ്മൂട് ഇരട്ടക്കൊല അടക്കം നിരവധി കൊലകളാണ് ഇടതു സർക്കാർ 2016ൽ അധികാരമേറ്റ നാൾ മുതൽ കേരളത്തിൽ നടക്കുന്നത്. ഏതാണ്ടെല്ലാ കൊലക്കേസുകളിലും ചില ചാവേറുകളെ പ്രതികളാക്കി കണ്ണിൽ പൊടിയിടുന്നു എന്നതൊഴിച്ചു നിർത്തിയാൽ യഥാർഥ കൊലയാളികളെയോ ഗൂഢാലോചകരെയോ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാറില്ല.
പെരിയ കൊലക്കേസിൽ ഇരകളുടെ കുടുംബാംഗങ്ങൾക്ക് സുപ്രീംകോടതി വരെ പോകേണ്ടി വന്നിരിക്കുന്നു. സർക്കാർ കോടികൾ ചെലവ് ചെയ്ത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുന്നു. യാതൊരു രാഷ്ട്രീയ കാരണവുമില്ലാതെ സംഘ്പരിവാർ കൊലപ്പെടുത്തിയ റിയാസ് മൗലവി, കൊടിഞ്ഞി ഫൈസൽ എന്നിവരുടെ കൊലപാതങ്ങളിലും യഥാർഥ പ്രതികളെയും ഗൂഢാലോചകരെയും രക്ഷപ്പെടുത്താനാണ് സർക്കാരും പൊലീസ് സംവിധാനവും ശ്രമിക്കുന്നത്.
കേരളത്തിലെ നിയമവാഴ്ച സമ്പൂർണമായി തകർന്നിരിക്കുകയും സംഘ്പരിവാർ ഉദ്ദേശിക്കുന്ന തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയും ചെയ്യുന്നു. ജനാധിപത്യ സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. അരുംകൊലകളിലൂടെ അനാഥമാകുന്ന കുടുംബങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾ കൊലപാതക രാഷ്ട്രീയത്തിൽ നിന്ന് പിൻമാറാനും ജനാധിപത്യ പ്രവർത്തന രീതിയിലൂടെ മുന്നോട്ടുപോകാനും തയാറാകണമെന്ന് ഹമീദ് വാണിയമ്പലം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.