റവന്യൂ, കൃഷിഭൂമികൾ വനമെന്ന് വനംവകുപ്പ്; വലഞ്ഞ് കുടിയേറ്റ കർഷകർ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ റവന്യൂ, കൃഷിഭൂമികളും വനമെന്ന് പ്രഖ്യാപിച്ച് വനംവകുപ്പ്. കേരളത്തിന്റെ മൊത്തം വിസ്തൃതിയായ 38,863 ചതുരശ്ര കിലോമീറ്ററിൽ 11,525 ചതുരശ്ര കിലോമീറ്റർ വനമാണെന്നാണ് സംസ്ഥാന വനംവകുപ്പിന്റെ കണക്ക്. 2021ൽ പ്രസിദ്ധീകരിച്ച കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സിൽ വനം ഡിവിഷൻ തിരിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുകീഴിൽ വിവിധ സംസ്ഥാനങ്ങളിലെ വനവിസ്തൃതിയെക്കുറിച്ച് ആധികാരിക വിവരം നൽകുന്ന ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ 2021ലെ കണക്കിൽ കേരളത്തിന്റെ വനവിസ്തൃതി 9679 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. വ്യത്യാസം 1846 ചതുരശ്ര കിലോമീറ്റർ.
കൃഷിയോഗ്യമായ ഭൂമി വനത്തിന്റെ ഗണത്തിൽപ്പെടുത്തരുതെന്ന 1988ലെ കേന്ദ്രസർക്കാർ നിർദേശം പാലിച്ചാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ വനവിസ്തൃതി നിർണയിക്കുന്നത്. സർക്കാറിന്റെ റവന്യൂ ഭൂമിയും കുടിയേറ്റ കർഷകരുടെ ഭൂമിയുമൊക്കെ ചേർത്ത് വനംവകുപ്പ് വനത്തിന്റെ വിസ്തൃതി പ്രഖ്യാപിക്കുന്നതാണ് പ്രശ്നം. റവന്യൂ ഭൂമി വനംവകുപ്പ് കൈയടക്കിയിട്ടുണ്ടെന്നത് സംബന്ധിച്ച് ഏറ്റവും ആധികാരികമായ റിപ്പോർട്ട് നൽകിയത് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരനാണ്. മൂന്നാർ, ചിന്നക്കനാൽ, പള്ളിവാസൽ അടക്കമുള്ളയിടങ്ങളിലെ അനധികൃത നിർമാണങ്ങളെയും കൈയേറ്റങ്ങളെയുംകുറിച്ച് 2014 ഒക്ടോബർ 23ന് അന്നത്തെ ചീഫ് സെക്രട്ടറിക്ക് നൽകിയ 21പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ 12,13 പേജുകളിൽ വനംവകുപ്പിന്റെ കൈയേറ്റം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ചിന്നക്കനാലിൽ റവന്യൂ വകുപ്പിന്റെ കീഴിലുള്ള 1500 ഹെക്ടർ ഭൂമി വനംവകുപ്പ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് യൂക്കാലി വളർത്താൻ നൽകുകയായിരുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ കീഴിൽ മിച്ചഭൂമിയായി കണ്ടെത്തിയ 17506 ഹെക്ടർ ഭൂമിയിൽ ഉൾപ്പെടുന്ന സ്ഥലമാണിത്. ഈ ഭൂമി റവന്യൂ വകുപ്പിൽനിന്ന് വനംവകുപ്പിന് വിട്ടുനൽകിയതായ രേഖകളൊന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്. 2010ൽ മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി കുടിയിറക്കിയ 50ഓളം കർഷകർക്ക് വൈദ്യുതി ബോർഡ് നൽകിയ ഒന്നര ഏക്കർ ഭൂമി റിസർവ് വനമേഖലയാണെന്ന് വനംവകുപ്പ് പ്രഖ്യാപിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. 2022 മേയ് 10ന് കുഞ്ചിത്തണ്ണി വില്ലേജിലെ 87.37 ഹെക്ടർ റിസർവ് വനഭൂമിയായി വനംവകുപ്പ് വിജ്ഞാപനമിറക്കി. എന്നാൽ, കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസർ കലക്ടർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം കുഞ്ചിത്തണ്ണി വില്ലേജിൽ വനഭൂമി ഇല്ല. 2022 ഡിസംബറിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം മുതൽ സിഗരറ്റ് പോയന്റ് വരെയുള്ള പ്രദേശത്തെ 500 ഏക്കറിലധികം റവന്യൂ ഭൂമി വനംവകുപ്പിന്റെ അധീനതയിലാക്കി. 1970ലെ കണ്ണൻദേവൻ ഹിൽസ് റിസപ്ഷൻ ഓഫ് ലാൻഡ് ആക്ട് പ്രകാരം ഏറ്റെടുക്കുകയും പിന്നീട് ലാൻഡ് ബോർഡ് അവാർഡ് പ്രകാരം സർക്കാറിൽ നിക്ഷിപ്തമാക്കുകയും ചെയ്ത ഭൂമിയാണിതെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ് തന്നെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പതിറ്റാണ്ടുകളായി റവന്യൂ, കൃഷിഭൂമികൾ വനമായി പ്രഖ്യാപിച്ചാണ് വനംവകുപ്പ് സംസ്ഥാനത്തെ വനവിസ്തൃതി കൂട്ടിക്കാണിക്കുന്നതെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.