ഒഴിപ്പിച്ച ഭൂമിയിൽ വീണ്ടും കൈയേറ്റം; തിരിച്ചുപിടിച്ച് റവന്യൂ വകുപ്പ്
text_fieldsഅടിമാലി: മതികെട്ടാൻ ദേശീയ ഉദ്യാനത്തിനുസമീപം റവന്യൂഭൂമിയിലെ കൈയേറ്റം റവന്യൂസംഘം ഒഴിപ്പിച്ചു. 2021 ആഗസ്റ്റിൽ ഒഴിപ്പിച്ച ഭൂമിയിലാണ് വീണ്ടും കൈയേറ്റം നടന്നത്. മതികെട്ടാൻ ദേശീയ ഉദ്യാനത്തിനോട് ചേർന്ന് തോണ്ടിമലയിൽ രണ്ട് ഏക്കറോളം റവന്യൂ ഭൂമിയാണ് കൈയേറിയത്. ഉടുമ്പൻചോല എൽ.എ തഹസിൽദാർ സീമാ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഒഴിപ്പിച്ചു.
സമീപത്ത് പുൽമേട് വെട്ടിത്തെളിച്ചുള്ള മറ്റൊരു കൈയേറ്റവും അനധികൃതമായി കോൺക്രീറ്റ് റോഡ് നിർമിച്ചതും ഉദ്യോഗസ്ഥർ കണ്ടെത്തി. കൈയേറി നട്ടുപിടിപ്പിച്ച ഫലവൃക്ഷത്തൈകൾ ഭൂസംരക്ഷണ സേന പിഴുതുമാറ്റി. വേലി പൊളിച്ചുകളയുകയും ചെയ്തു. കൈയേറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻവർഷങ്ങളിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ട മലമുകളിലാണ് സ്വകാര്യ വ്യക്തികൾ കൈയേറി കൃഷികൾ ആരംഭിച്ചത്.
ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ പൂപ്പാറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ റീ സർവേ നമ്പര്‍ 212 /1ല്‍ ഉള്‍പ്പെട്ട ഭൂമിയാണിവിടം. റവന്യൂ പുൽമേടുകൾ എന്നാണ് ഈ മേഖലയെക്കുറിച്ച് സർക്കാർ രേഖകളിൽ ഉള്ളത്. കൈയേറിയവരെ കണ്ടെത്തി നോട്ടീസ് അയക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.