പട്ടയം നഷ്ടപ്പെട്ടാൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് റവന്യു വകുപ്പ്
text_fieldsകോഴിക്കോട് : പട്ടയം നഷ്ടപ്പെട്ടാൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് റവന്യു വകുപ്പ്. കഴിഞ്ഞ ദിവസം അട്ടപ്പാടി കള്ളമല വില്ലേജിലെ ഓന്തമലയിലെ അഞ്ച് ആദിവാസി കുടുംബങ്ങൾ ഊരുമൂപ്പൻ പുല്ലന്റെ നേതൃത്വത്തിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫിസിന് മുന്നിൽ പട്ടയത്തിനായി സത്യഗ്രഹം നടത്തിയിരുന്നു.
ഇതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് പട്ടയ ഫയൽ നഷ്ടപ്പെട്ട കേസുകളിൽ ആധികാരികത ഉറപ്പ് വരുത്തി നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് റവന്യൂ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് 2020 ഒക്ടോബർ 28ന് ഉത്തരവിട്ടിരുന്നുവെന്ന് റവന്യു വകുപ്പ് അറിയിച്ചത്. ഉത്തരവിന്റെ പകർപ്പും മാധ്യമം ഓൺലൈന് ലഭിച്ചു.
വിവിധ ഭൂമി പതിവ് നിയമങ്ങൾ പ്രകാരം അനുവദിച്ച പട്ടയങ്ങൾ നഷ്ടപ്പെടുകയോ ഫയലുകൾ കാലപ്പഴക്കത്താൽ നശിച്ചു പോകുകയോ ചെയ്താൽ ബന്ധപ്പെട്ട കക്ഷികൾക്ക് പട്ടയപ്പകർപ്പ് / നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ 2020 മെയ് 12ന് കത്ത് നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ പട്ടയ രേഖകൾ ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കലക്ടർമാരെയാണ് ചുമതലപ്പെടുത്തിയാണ് സർക്കുലർ ഇറക്കിയത്. ചില സാഹചര്യങ്ങളിൽ പുതിയ പട്ടയം അനുവദിക്കുന്നതിനും നിർദേശിച്ചു. തുടർന്ന് 2020 ഒക്ടോബർ 16ന് സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലറിലെ പരമാർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കാതിരിക്കാണ് റവന്യൂ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പുതിയ ഉത്തരവിറക്കിയത്.
പട്ടയം ലഭിച്ച ആളുടെ കൈവശം അസൽ പട്ടയം ഇല്ലാതിരിക്കുകയും പതിവധികാരിയുടെ കാര്യാലയത്തിലെ പട്ടയഫയൽ നഷ്ടപ്പെടുകയോ നശിച്ചുപോകുകയോ ചെയ്തിട്ടുള്ള കേസുകളിലും പട്ടയം നൽകാമെന്ന് ഉത്തരവിൽ പറയുന്നു.
ഈ കേസുകളിൽ നമ്പർ- ഒന്ന്, നമ്പർ- രണ്ട് രജിസ്റ്ററുകൾ, റീസർവേ ലാൻഡ് രജിസ്റ്റർ, ജോയിന്റ് വെരിഫിക്കേഷൻ റിപ്പോർട്ട്, പതിവ് തുകകൾ സംബന്ധിച്ച ട്രഷറി രേഖകൾ, കലക്ടർ അംഗീകരിച്ച പതിവ് നടന്ന വർഷത്തെ പതിവ് ലിസ്റ്റ്, പതിവ് കമ്മിറ്റി ചേർന്നതിനുള്ള രേഖകൾ/മിനിട്ട്സ് എന്നിവ പരിശോധിച്ച് പട്ടയത്തിന്റെ സാധുത ഉറപ്പ് വരുത്തണം.
ഈ രേഖകൾ പ്രകാരമുള്ള ഭൂമി തന്നെയാണോ കൈവശഭൂമി എന്നും, വിസ്തീർണം അത്ര തന്നെയാണോ എന്നും ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. പ്രാദേശികാന്വേഷണം നടത്തിയും വനഭൂമി ചേർന്നു വരുന്ന പ്രദേശങ്ങളിൽ വനം വകുപ്പിലെ ബന്ധപ്പെട്ട റെയ്ഞ്ച് ഓഫീസറിൽ നിന്നും നിരാക്ഷേപ സാക്ഷ്യപത്രം ലഭ്യമാക്കി തഹസിൽദാർ തയാറാക്കി റവന്യൂ ഡിവിഷണൽ ഓഫീസർ മുഖേന റിപ്പോർട്ട് സമർപ്പിക്കണം.
ഈ റിപ്പോർട്ടിൽ ആവശ്യമായ പരിശോധന നടത്തി നിജസ്ഥിതി ബോധ്യമാകുന്ന സാഹചര്യങ്ങളിൽ ഈ ഉത്തരവിന് അനുബന്ധമായി നൽകിയിട്ടുള്ള മാതൃകയിൽ പട്ടയകക്ഷി പേരിൽ (പട്ടയകക്ഷിയിൽ നിന്നും നിയമാനുസൃത കൈമാറ്റം മുഖേന മറ്റൊരാൾക്ക് കൈവശം സിദ്ധിച്ചിട്ടുളള പക്ഷം അങ്ങനെയുള്ളയാളിൻറെ പേരിൽ) ഒരു നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബന്ധപ്പെട്ട കലക്ടറെയാണ് ഉത്തരവിൽ ചുമതലപ്പെടുത്തിയത്.
1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ, 1995 ലെ കേരള മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ ഭൂമിപതിവ് ചട്ടങ്ങൾ, 1993 ലെ 1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ നടത്തിയിട്ടുള്ള കടിയേറ്റങ്ങൾ ക്രമീകരിക്കുന്നതിനായുള്ള പ്രത്യേക ഭൂമിപതിവ് ചട്ടങ്ങൾ എന്നീ പതിവ് ചട്ടങ്ങൾ പ്രകാരം അനുവദിച്ച പട്ടയങ്ങൾക്കു മാത്രമായിരിക്കും ഈ ഉത്തരവിലെ വ്യവസ്ഥകൾ ബാധമെന്നും ഉത്തരവിൽ പറയുന്നു.
നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കുന്ന എല്ലാ കേസുകളിലും റെലിസ് സംവിധാനം വഴി അത് അനുവദിച്ചുകൊണ്ടുള്ള ഡിജിറ്റൽ രജിസ്റ്റർ തയാറാക്കുന്നതിനും റെലിസ് സോഫ്റ്റ്‌വെയറിൽ ആവശ്യമായ ഉൾച്ചേർക്കലുകൾ വരുത്തുന്നതിനും ലാൻഡ് റവന്യൂ കമീഷണർ നടപടി സ്വീകരിക്കണം.
ഈ ഉത്തരവ് പ്രകാരം അനുവദിക്കുന്ന നിജസ്ഥിതി സർട്ടിഫിക്കറ്റിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ ഉണ്ടായിട്ടുള്ള പക്ഷം ബന്ധപ്പെട്ട കക്ഷിക്ക് ഒരു മാസത്തിനകം അത് അനുവദിച്ച അധികാരിയുടെ ശ്രദ്ധയിൽപ്പെടുത്താം. അത് പരിശോധിച്ച് ബന്ധപ്പെട്ട അധികാരി കാലതാമസം കൂടാതെ അത് തിരുത്തി നൽകണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാർ രേഖകൾ പരിശോധിക്കാൻ ആദിവാസികൾക്ക് കഴിയില്ല. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് റവന്യൂ ഉദ്യോഗസ്ഥരാണ്. ഈ ഉത്തരവ് മറച്ചുവെച്ചാണ് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ ഭൂരേഖ തഹസിൽദാർ ആദിവാസികളോട് സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.