നെൽവയൽ: അഞ്ച് സെന്‍റ് പോലും നികത്തുന്നത് ചട്ടലംഘനമെന്ന് ഉത്തരവ്
text_fields
തിരുവനന്തപുരം : വീട് നിർമിക്കുന്നതിനായി അഞ്ച് സെന്‍റ് നെൽവയൽ പോലും നികത്തുന്നത് ചട്ടലംഘനമെന്ന് കൃഷി വകുപ്പ്. കണ്ണൂരിലെ കല്യാശ്ശേരി വില്ലേജിൽ സർവേ നമ്പർ 92/2 ൽ ഉൽപ്പെട്ട അഞ്ച് സെന്‍റ് നെൽവയൽ നികത്തി വീട് നിർമ്മിക്കുന്നതിന് ശശീന്ദ്രൻ നൽകിയ അപേക്ഷ നിരസിച്ചാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ശശീന്ദ്രന് കല്യാശ്ശേരിയിൽ 27 സെന്‍റ് ഭൂമിയുണ്ട്.
ആകെയുള്ള 90 സെന്‍റ് ഭൂമിയുടെ ഒരുവശത്ത് ജേഷ്ടൻ വീടുവെച്ച് താമസിക്കുന്നുണ്ട്. ആ ഭാഗത്തെ നിലം നേരത്തെ നികത്തിയപ്പോൾ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്നില്ല. 2013ലാണ് ശശീന്ദ്രൻ വീട് നിർമിക്കുന്നതിന് അഞ്ച് സെന്‍റ് നിലം നികത്താൻ ആദ്യം പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ഭൂമി ഡാറ്റാബാങ്കിൽ നെൽവയൽ ആയതിനാൽ അനുമതി ലഭിച്ചില്ല. തുടർന്ന് അനുമതിക്കായി കലക്ടർക്ക് അപേക്ഷ നൽകി.
ഉദ്യോഗസ്ഥർ നടത്തിയ ഹിയറിങ്ങിൽ അപേക്ഷ നിരസിച്ചു. കൃഷി ഓഫിസർ സ്ഥല പരിശോധന നടത്തിയ സമർപ്പിച്ച റിപ്പോർട്ടിൽ അനുമതി ലഭിക്കാതെ ശശീന്ദ്രൻ അഞ്ചു സെന്‍റോളം നിലം ഭാഗികമായി നികത്തി വീടിനുള്ള തറകെട്ടിയെന്ന് ചൂണ്ടിക്കാട്ടി. ഈ സ്ഥലത്തിന്‍റെ ഒരു ഭാഗം ഇരങ്ങാവ്-ചെറുകുന്നുതറ റോഡും മറ്റൊരു ഭാഗത്ത് വീടും പുരയിടവുമാണ്.
വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നികത്തുകയും ഷെഡ് നിർമിക്കുകയും ചെയ്തു. ഇവിടെയാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. റോഡിനും തറക്കുമിടയിലുള്ള സ്ഥലം ചെറിയ രീതിയിൽ നികത്തിക്കഴിഞ്ഞു. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ വിധേയമായി ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കൃഷി ഓഫീസർ ശിപാർശ നൽകിയത്.
എന്നാൽ, വീട് നിർമാണത്തിന് അപേക്ഷ നൽകുമ്പോൾ മൂന്ന് ഭാഗത്തും നെൽവയലായിരുന്നു. സ്ഥലം ഡാറ്റാ ബാങ്കിൽ നെൽവയലാണ്. ഭക്ഷ്യ സുരക്ഷക്ക് ഉപരി നെൽവയൽ സംരക്ഷിക്കേണ്ടത് ആവാസവ്യവസ്ഥക്ക് ആവശ്യമാണ്. ഇടവപ്പാതിയുടെയും കാലവർഷത്തിന്‍റെയും വേനൽ മഴയുടെയും ശക്തിയിലാണ് കേരളത്തിന്‍റെ ജല സുലഭത നിലനിൽക്കുന്നത്. നെൽവയലുകൾ നഷ്ടമാകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. അതിനാൽ ശശീന്ദ്രൻ നിലം പരിവർത്തനപ്പെടുത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.