മൂന്നു വർഷമായ റവന്യൂ ജീവനക്കാരെ സ്ഥലംമാറ്റും; മാർഗരേഖയിറങ്ങി
text_fieldsപാലക്കാട്: ഫെബ്രുവരി 28ന് മൂന്നു വർഷമോ അതിലധികമോ റവന്യൂ വകുപ്പിൽ ഒരേ സ്ഥലത്ത് തുടരുന്ന എല്ലാ കേഡറിലെയും ജീവനക്കാരെ എച്ച്.ആർ.എം.എസ് മുഖേന ഓൺലൈൻ സ്ഥലംമാറ്റത്തിൽ ഉൾപ്പെടുത്തിയതായി ലാൻഡ് റവന്യൂ കമീഷണറുടെ മാർഗനിർദേശം. ഇവർ നിർബന്ധമായും താൽപര്യപ്പെടുന്ന സ്റ്റേഷൻ ഓൺലൈനിൽ നൽകണം. ജനുവരി ഒന്നിനുമുമ്പ് മൂന്നുവർഷമോ അതിലധികമോ പൂർത്തിയായ ജീവനക്കാരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതേസമയം, ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഒറ്റപ്പാലം താലൂക്കിലെ വിവിധ വില്ലേജുകളിൽ മൂന്നു വർഷത്തിലധികം ജോലി ചെയ്യുന്ന 25 വി.എഫ്.എമാരെ (വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്) സ്ഥലംമാറ്റിയ നടപടി വീണ്ടും ചർച്ചയാവുകയാണ്.
വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ കൂട്ട സ്ഥലംമാറ്റം നിരോധിച്ചും ജില്ലതലത്തിൽ എച്ച്.ആർ.എം.എസ് പ്ലാറ്റ്ഫോമിൽ ഓൺലൈൻ വഴി പൊതുസ്ഥലംമാറ്റം അനുവദിച്ചും 2024 നവംബർ 11ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ച് പാലക്കാട് ഡെപ്യൂട്ടി കലക്ടർ (ജനറൽ) ഉത്തരവിട്ടതിലൂടെ ജീവനക്കാരുടെ സീനിയോറിറ്റി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ജീവനക്കാരുടെ സംഘടന ആരോപിച്ചിരുന്നു. മറ്റു ജീവനക്കാർക്ക് പൊതുസ്ഥലംമാറ്റത്തിനുള്ള ലിസ്റ്റ് സമർപ്പിക്കാനുള്ള തീയതി ജനുവരി 15 മുതൽ ജനുവരി 31 വരെയാണ്.
മാർച്ച് 15ന് മുൻഗണനപട്ടിക പ്രസിദ്ധപ്പെടുത്തും. കരട് സ്ഥലംമാറ്റ ഉത്തരവ് ഏപ്രിൽ 15ന് പ്രസിദ്ധപ്പെടുത്തും. 2023 മേയ് 24നാണ് മുഴുവൻ വില്ലേജ് ഓഫിസുകളിലും മൂന്നു വർഷത്തിലധികം തുടരുന്ന ജീവനക്കാരെ അതത് തസ്തികയിൽ മുമ്പ് ജോലി ചെയ്യാത്ത വില്ലേജുകളിലേക്ക് മാറ്റിനിയമിക്കണമെന്ന് ലാൻഡ് റവന്യൂ കമീഷണർ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.