മരംമുറി: പഞ്ച് ഡയലോഗ് മാത്രമല്ല, പഞ്ച് നടപടികളുമുണ്ടാകുമെന്ന് റവന്യൂമന്ത്രി
text_fieldsതിരുവനന്തപുരം: വിവാദമായ മരംമുറി വിഷയത്തിൽ പഞ്ച് ഡയലോഗ് മാത്രമല്ല, പഞ്ച് നടപടികളുമുണ്ടാകുമെന്ന് റവന്യൂമന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നുവന്നതുമായ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാടുകളെ മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടില്ല. 2005ലെ വനേതര ഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിെൻറ ആറാം വകുപ്പ് പ്രകാരം പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നുവന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് നിർദേശം നൽകിയിരുന്നു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരമായിരുന്നു ഇത്തരം ഒരു നിർദേശം.
അനുമതി നൽകിയ രീതിയിലുള്ള മരംമുറിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് നിരവധി രാഷ്ട്രീയ കർഷക സംഘടനകളും ജനപ്രതിനിധികളും നിവേദനം നൽകിയിരുന്നെന്നും ചോദ്യത്തര വേളയിൽ മന്ത്രി വ്യക്തമാക്കി. മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24ലെ ഉത്തരവ് മലയോര കർഷകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചത് വയനാട് കലക്ടർ മാത്രമാണ്.
എന്നാൽ, കലക്ടർ ആശങ്ക അറിയിക്കുന്നതിനുമുമ്പ് തന്നെ മുൻ റവന്യൂമന്ത്രി നിലവിലുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നിയമ വകുപ്പിന് കത്ത് നൽകിയിരുന്നു.
ഈ ഉത്തരവിനെതിരെ വേറെ ഒരു ആശങ്കയും രേഖപ്പെടുത്തിയതായി ഫയലിൽ കാണാനില്ല. എന്നാൽ, പട്ടയ ഭൂമിയിൽ നിന്നല്ലാതെ ഏതെങ്കിലും നിക്ഷിപ്ത വനഭൂമിയിൽനിന്ന് മരം മുറിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.