ദേവികുളം സബ് കലക്ടർക്ക് അഭിനന്ദനം അറിയിച്ച് റവന്യൂ മന്ത്രി
text_fieldsമൂന്നാർ: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിന് ദേവികുളം സബ് കലക്ടർക്ക് പിന്തുണയുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കഴിഞ്ഞദിവസം ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കലിനിടെ സബ് കലക്ടറെ സി.പി.എം പ്രവർത്തകർ തടഞ്ഞുവെക്കുകയും ഒഴിപ്പിക്കൽ നടപടി തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാൻ സബ് കലക്ടർ ഉത്തരവിട്ടെങ്കിലും നടപടിയെടുക്കാൻ പൊലീസ് തയാറായില്ല. കൈയേറ്റം ഒഴിപ്പിച്ചിേട്ട മടങ്ങൂ എന്ന നിലപാടിൽ സബ് കലക്ടർ ഉറച്ചുനിന്നതോടെ പ്രതിഷേധക്കാർ തന്നെ കൈയേറ്റം പൊളിച്ചുനീക്കുകയായിരുന്നു. തുടർന്നാണ് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ സബ് കലക്ടറെ ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചത്.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോകണമെന്നും സർക്കാറിെൻറ എല്ലാ പിന്തുണയുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കൈയേറ്റമൊഴിപ്പിക്കൽ നടപടിക്ക് നേതൃത്വം നൽകിയതിനും പൊലീസിെൻറ സഹായം ലഭിക്കാതിരുന്നിട്ടും നിയമം നടപ്പാക്കാൻ മുന്നിൽനിന്നതിനും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് കൂടുതൽ പൊലീസ് സംരക്ഷണം അനുവദിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, എന്തുവന്നാലും കൈയേറ്റം ഒഴിപ്പിക്കൽ നടപടിയിൽനിന്ന് പിന്നോട്ടില്ലെന്ന് സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ വ്യക്തമാക്കി. സർക്കാർ ഭൂമി ആര് കൈയേറിയാലും ഒഴിപ്പിക്കും. ദേവികുളത്ത് റവന്യൂ ഉദ്യോഗസ്ഥരെ തടയുകയും ഭൂസംരക്ഷണ സേനാംഗങ്ങളെ മർദിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് വിശദ റിപ്പോർട്ട് 17ന് ഇടുക്കി ജില്ല കലക്ടർക്ക് കൈമാറും. പൊലീസിനെതിരെ ശക്തമായ നടപടിയെടുക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ‘തമ്പുരാൻ’ വാഴ്ചയില്ല -സി.പി.െഎ
തൊടുപുഴ: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലിെൻറ പശ്ചാത്തലത്തിൽ റവന്യൂ വകുപ്പിനെ വിമർശിച്ച മന്ത്രി എം.എം. മണിക്ക് മറുപടിയുമായി സി.പി.െഎ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ. കേരളത്തിൽ തമ്പുരാൻ വാഴ്ച നിലനിൽക്കുന്നില്ലെന്നും എൽ.ഡി.എഫിെൻറ നയമാണ് റവന്യൂ വകുപ്പ് പിന്തുടരുന്നതെന്നുമായിരുന്നു ശിവരാമെൻറ പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ മന്ത്രിസഭ യോഗത്തിലാണ് അക്കാര്യം പറയേണ്ടതെന്നും സി.പി.ഐക്കെതിരെയുള്ള എം.എം. മണിയുടെ പരാമർശം അനുചിതമാണെന്നും ശിവരാമൻ കൂട്ടിച്ചേർത്തു. ഒരു വകുപ്പും ആർക്കും തീറെഴുതി നൽകിയിട്ടില്ലെന്നായിരുന്നു എം.എം. മണിയുടെ വിമർശനം.
സബ് കലക്ടർക്കെതിരെ പരാതി നൽകും -എം.എൽ.എ
മൂന്നാർ: മൂന്നാറിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സബ് കലക്ടർക്കെതിരെ സർക്കാറിനു പരാതി നൽകുമെന്ന് എസ്. രാജേന്ദ്രൻ എം.എൽ.എ. സർക്കാറിനെ അപകീർത്തിപ്പെടുത്താൻ സിനിമയെ വെല്ലുന്ന അഭിനയമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. പൊലീസ് അകമ്പടിയില്ലാതെ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തിയ അഭിനയത്തെക്കുറിച്ചാണ് പരാതി നൽകുന്നത്. സബ് കലക്ടറുടെ പ്രവർത്തനങ്ങളെ വിലയിരുത്താതെ അഭിനന്ദിക്കുന്ന റവന്യൂ മന്ത്രിയുടെ നടപടി ശരിയല്ല. അദ്ദേഹം മൂന്നാറിലെ കാര്യങ്ങൾ മനസ്സിലാക്കണം.
മുൻ ദൗത്യസംഘാംഗം സുരേഷ് കുമാറിനെ കൂട്ടുപിടിച്ച് കഥയും തിരക്കഥയും അഭിനയവും കാഴ്ചവെക്കുമ്പോൾ തകരുന്നത് മൂന്നാറിലെ ടൂറിസമാണ്. കഴിഞ്ഞ ദിവസം ദേവികുളത്ത് നടന്ന ഒഴിപ്പിക്കൽ നടപടി സബ് കലക്ടറുടെ ബുദ്ധിയിലുദിച്ച തിരക്കഥയായിരുന്നു. വീടുവെച്ച് താമസിക്കുന്നവരെ ഇറക്കിവിടാൻ ശ്രമിച്ചാൽ തടയും. പുതിയ കൈയേറ്റങ്ങൾക്കെതിരെ നടപടിയും സ്വീകരിക്കും. ദേവികുളത്ത് പൊതുപ്രവർത്തകരാണ് അനധികൃതമായി നിർമിച്ച ഷെഡ് പൊളിച്ചുനീക്കിയത്. പ്രകോപനമുണ്ടാക്കി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ജില്ലയെക്കുറിച്ച് അറിവില്ലാതെയാണ് ജില്ല കലക്ടർ പ്രവർത്തിക്കുന്നത്. രണ്ട് സംസ്കാരങ്ങൾ നിലനിൽക്കുന്ന ജില്ലയിൽ ഭൂമി പ്രശ്നത്തിെൻറ പേരിൽ കലാപം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.