രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് പാവങ്ങൾക്ക് വേണ്ടി; എം.എം. മണിയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല -മന്ത്രി കെ രാജൻ
text_fieldsഭൂമി വിൽക്കാനോ വാങ്ങാനോ, ലോണെടുക്കാനോ കഴിയാതെ പ്രയാസപ്പെടുന്ന പാവങ്ങളെ മുന്നിൽ കണ്ടാണ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതെന്ന് റവന്യൂമന്ത്രി കെ. രാജൻ. കൂടുതൽ പേർക്ക് മണ്ണിന്‍റെ യഥാർഥ ഉടമകളാകാനാണ് ഗവണമെന്‍റ് നീക്കത്തിലൂടെ സാധിക്കുക. സി.പി.എം ഓഫിസിന്‍റെ പട്ടയം സംബന്ധിച്ചും എം.എം. മണിയുടെ പ്രസ്താവനയോടും ഇപ്പോൾ പ്രതികരിക്കുന്നില്ല -മന്ത്രി വ്യക്തമാക്കി.
രവീന്ദ്രൻ പട്ടയങ്ങളിൽ അനർഹരായവരെ കണ്ടെത്തിയതുകൊണ്ടാണ് പട്ടയം റദ്ദാക്കിയത്. ഒരുപകാരവുമില്ലാത്ത പട്ടയങ്ങളാണ് വലിയൊരു വിഭാഗം ആളുകളുടെ കയ്യിലിരിക്കുന്നത്. 2019 ൽ ഇടതുപക്ഷ സർക്കാരെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
നികുതി അടക്കാനോ ലോണെടുക്കാനോ കഴിയാത്ത പട്ടയങ്ങളാണ് ഏതാനും വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി എടുക്കണമെന്നുള്ളത് സർക്കാരിന്റെ തീരുമാനമാണ്. 145 പട്ടയങ്ങൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് ആരുടെയും കുടിയൊഴിപ്പിക്കാനല്ല. കൈയേറ്റക്കാരോടും കുടിയേറ്റക്കാരോടും ഒരേ സമീപനം സ്വീകരിക്കില്ല. രണ്ടു മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്.
ചില പട്ടയങ്ങൾ മാത്രമായി നിലനിർത്താൻ സാധിക്കില്ല. രവീന്ദ്രൻ പട്ടയം മുഴുവൻ റദ്ദ് ചെയ്ത് അതിൽ അർഹതയുള്ളവർക്ക് യഥാർഥ പട്ടയം നൽകും. അനർഹരെ പുറത്താക്കും. തർക്കത്തിന്റെയോ, ധാരണക്കുറവിന്റെയോ പ്രശ്നം ഇവിടെയില്ല. ഇപ്പോഴത്തെ ഉത്തരവുമായി ബന്ധപ്പെട്ട നടപടികൾക്ക് സമയക്രമം നിശ്ചയിച്ച് കലക്ടറെ ചുമതലപ്പെടുത്തിയതാണ്. തന്നെ കള്ളനാക്കാനാണ് ശ്രമമെന്ന രവീന്ദ്രന്‍റെ ആരോപണങ്ങൾക്ക് ഒരു മന്ത്രി മറുപടി പറയേണ്ട ആവശ്യമില്ല. അതിന് പഴയ ഏതെങ്കിലും ഡെപ്യൂട്ടി തഹസിൽദാർ മറുപടി നൽകിയാൽ മതി -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.