കൈയേറ്റക്കാരുടെ പരാതിയിൽ യോഗംവിളിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രിക്ക് റവന്യൂ മന്ത്രിയുടെ കത്ത്
text_fieldsതിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് യോഗംവിളിക്കുന്നതിൽ എതിർപ്പുപ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ കത്ത്. യോഗം വിളിക്കുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നും ൈകയേറ്റക്കാരുടെ പരാതിയിൽ യോഗംവിളിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്ന കത്തിൽ റവന്യൂ ഉദ്യോഗസ്ഥർ നടപ്പാക്കുന്നത് നിയമപരമായ കാര്യങ്ങളാണെന്നും പറയുന്നു.
സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് മന്ത്രി എം.എം. മണിയും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്നിന് ഉന്നതതലയോഗം വിളിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി നിർദേശിച്ചിരുന്നത്. മൂന്നാർ പൊലീസ് സ്റ്റേഷന് സമീപമുള്ള 22 സെൻറ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതോടെയാണ് പുതിയവിവാദം തുടങ്ങിയത്.
മൂന്നാർ വില്ലേജ് ഓഫിസ് തുടങ്ങാൻ ഈ സ്ഥലം ഏറ്റെടുക്കാൻ സബ് കലക്ടർ നൽകിയ ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി മണിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. സബ് കലക്ടർ നോട്ടീസ് നൽകിയ 22 സെൻറ് കുത്തകപ്പാട്ടം വഴി ലഭിച്ചതാണെന്നാണ് സ്വകാര്യവ്യക്തി വാദിക്കുന്നത്. കുത്തകപ്പാട്ടം തെളിയിക്കുന്ന രേഖകളൊന്നും ഉടമക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നവരിൽ ബഹുഭൂരിപക്ഷം പേരുടേയും കേസിൽ കലക്ടർ നേരത്തെ തീർപ്പുകൽപിച്ചതാണ്.
അതെല്ലാം പുനഃപരിശോധിക്കാൻ യോഗം വിളിക്കേണ്ടതില്ലെന്നാണ് റവന്യൂ വകുപ്പിെൻറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.