വയനാട്ടിലെ തോട്ടം ഭൂമി: കണക്കെടുപ്പ് അട്ടിമറിച്ച് റവന്യൂ ഉദ്യോഗസ്ഥർ
text_fieldsകോഴിക്കോട്: വയനാട്ടിലെ തോട്ടം ഭൂമിയുടെ കണക്കെടുപ്പ് അട്ടിമറിച്ച് റവന്യൂ ഉദ്യോഗസ്ഥർ. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം നടപ്പാക്കാൻ വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് ആക്ഷേപം. മുൻ കലക്ടർ രേണുരാജ് ആണ് റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തോട്ടഭൂമി സംബന്ധിച്ച കണക്കെടുക്കാൻ ആവശ്യപ്പെട്ടത്.
ഇതുമായി ബന്ധപ്പെട്ട് 2023 സെപ്തംബർ 18നാണ് വയനാട് കലക്ടറേറ്റിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. യോഗത്തിൽ തിരുനെല്ലി, മുപ്പൈനാട്, നെന്മേനി, അച്ചൂരാനം, പൊഴുതന, മുട്ടിൽ നോർത്ത്, ചൂണ്ടേൽ, അമ്പലവയൽ, കാഞ്ഞിരങ്ങാട്, കൽപ്പറ്റ, കോട്ടത്തറ, തൃക്കൈപ്പറ്റ്, കോട്ടപ്പടി വില്ലേജ് ഓഫിസർമാർ പങ്കെടുത്തിരുന്നു.
തോട്ടം ഭൂമി സംബന്ധിച്ച് നിശ്ചിത പ്രഫോർമയിൽ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്തെല്ലാം വിവരങ്ങളാണ് ശേഖരിക്കേണ്ടതെന്നതിന് സാഹായകരമാകാൻ വേണ്ടിയാണ് പ്രഫോർമ നൽകിയത്. തോട്ടം ഭൂമി നിലവിൽ കൈവശം വെച്ചിരിക്കുന്ന വ്യക്തിയുടെ അല്ലെങ്കിൽ കമ്പനിയുടെ പേര് വിവരം ശേഖരിക്കണം. ഈ ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത് സ്വാതന്ത്ര്യത്തിന് മുൻപാണോ ശേഷമാണോ എന്ന് അന്വേഷിക്കണമെന്നും നിർദേശിച്ചു.
നിലവിൽ ഇന്ത്യക്കാരാണ് കൈവശം വച്ചിരിക്കുന്നതെങ്കിൽ ആരിൽ നിന്നൊക്കെ എപ്പോഴാണ് കൈമാറ്റം നടന്നിട്ടുള്ളത് എന്നതിന്റെ വിശദമായ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് അറിയിച്ചത്. അതിന് ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിന് രജിസ്ട്രാറുടെ ഓഫീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു. അത് ലഭിച്ചതിന് ശേഷം ബാക്ക് ഫയലിലെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്താൽ മതിയെന്നും അറിയിച്ചു.
മുൻ സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം തയാറാക്കിയ ലിസ്റ്റിൾ ഉൾപ്പെട്ട എസ്റ്റേറ്റുകളുടെയും വ്യക്തികളുടെയും പേരിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ള രേഖകൾ ശേഖരിക്കണം. സ്പെഷ്യൽ ഓഫിസറുടെ പട്ടികയിൽ ഉൾപ്പെടാത്ത കേസ് ഫയൽ ചെയ്യപ്പെടേണ്ട ഭൂമികൾ ഉണ്ടെങ്കിൽ അവ കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് 2023 ഒക്ടോബർ അഞ്ചിന് മുൻപായി വയനാട് കലക്ടറുടെ കാര്യലയത്തിൽ ലഭ്യമാക്കണമെന്ന് ഡെപ്യറൂട്ടി കലക്ടർ (എൽ.ആർ) നിർദേശം നൽകി.
എന്നാൽ, വയനാട്ടിൽ വിദേശ തോട്ടം ഭൂമിയില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയത്. താലൂക്ക് ലാൻഡ് ബോർഡ് തോട്ടഭൂമിക്ക് ഇളവ് നൽകിയത് എത്ര ഏക്കർ ആണെന്നും അതിപ്പോൾ കൈവശം വച്ചിരിക്കുന്നത് ആരാണെന്നും റിപ്പോർട്ട് നൽകാനും റവന്യൂ ഉദ്യോഗസ്ഥർ തയാറായില്ല.
തിരുവിതാംകൂറിലും കൊച്ചിയിലും പല തോട്ടങ്ങളുടെയും ആധാരങ്ങൾ മുൻ സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം പരിശോധിച്ചപ്പോഴാണ് പല തോട്ടം ഉടമകളുടെയും കൈവശം അടിയാധാരമില്ലെന്ന് വ്യക്തമായത്. പാലക്കാട് കലക്ടർ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് രേഖകൾ ശേഖരിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ, പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തോട് വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ മുഖം തിരിക്കുകയാണ്. ഇതിന് പിന്നിൽ വിദേശം തോട്ടം ഭൂമി നിയമവിരുദ്ധമായി കൈവശം വെച്ചിരുക്കുന്ന ഭൂവുടമകളുടെ ശക്തമായ സമ്മർദം ഉണ്ടെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.