റവന്യൂ റിക്കവറി ആശ്വാസമാകും; കുടിശ്ശിക കേസുകളിൽ സർക്കാർ സ്റ്റേ പുനഃസ്ഥാപിച്ചേക്കും
text_fieldsതിരുവനന്തപുരം: റവന്യൂ റിക്കവറി കുടിശ്ശികയായ കേസുകളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ സ്റ്റേ നൽകാനും ഗഡുക്കൾ അനുവദിക്കാനും സർക്കാറിന് അധികാരം നൽകുന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിൽ. ഇതിനായി 1968ലെ കേരള റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യും. നിയമസഭയിൽ ബില്ലായോ ഓർഡിനൻസായോ കൊണ്ടുവരാനാണ് ആലോചന. അതിനുമുമ്പ് മന്ത്രിസഭയുടെ അംഗീകാരം നേടണം. അതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
25,000 രൂപ മുതൽ 10 ലക്ഷം രൂപക്കുമുകളിൽ വരെയുള്ള റവന്യൂ റിക്കവറി കേസുകളിൽ ഇങ്ങനെ ഗഡുക്കൾ അനുവദിക്കാൻ തഹസിൽദാർ, കലക്ടർ, റവന്യൂമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് അധികാരം നൽകി 2017ൽ സർക്കാർ ഇറക്കിയ ഉത്തരവിന് നിയമപ്രാബല്യമില്ലെന്ന് ഹൈകോടതി വിധിച്ചിരുന്നു. സ്വകാര്യ ബാങ്കിനായുള്ള റവന്യൂ റിക്കവറി കേസിൽ, തിരിച്ചടവിന് റവന്യൂമന്ത്രി തന്നെ തവണ വ്യവസ്ഥ ഏർപ്പെടുത്തിയത് സംബന്ധിച്ച് ബാങ്ക് നൽകിയ പരാതിയിലായിരുന്നു വിധി.
നിയമത്തിൽ ലാൻഡ് റവന്യൂ കമീഷണറുടെ കാര്യം മാത്രമാണ് പരാമർശിക്കുന്നതെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭേദഗതിയിലൂടെ റവന്യൂമന്ത്രിക്ക് അധികാരം നൽകുന്ന വ്യവസ്ഥ കൊണ്ടുവരാനാണ് തീരുമാനം. സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്ഥാവരവസ്തുക്കൾ കടബാധ്യത കാരണം ജപ്തി ചെയ്യുമ്പോൾ, നിശ്ചിത തുകക്ക് ലേലം കൊള്ളാനാളില്ലാതെ വന്നാൽ അത് സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച ഭേദഗതിയും ഇതിനൊപ്പം അവതരിപ്പിക്കും.
ലേലം കൊള്ളാനാളില്ലാതെ വന്നാൽ അഞ്ചുവർഷത്തിനകം കുടിശ്ശിക അടച്ച് വസ്തു സ്വന്തമാക്കാൻ ഉടമക്ക് അവസരം നൽകിയ ശേഷമാകും സർക്കാർ പൂർണമായി ഏറ്റെടുക്കുക. സർക്കാറുമായുള്ള കടബാധ്യതയുണ്ടെങ്കിൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാറിന് തീരുമാനമെടുക്കാം. മറ്റ് സ്ഥാപനങ്ങൾക്കുവേണ്ടി സർക്കാർ റവന്യൂ റിക്കവറി നടപടി നടത്തുന്ന വസ്തുക്കളുടെ കാര്യത്തിൽ അവരുടെ അനുമതിയോടെ സർക്കാറിന് നടപടി സ്വീകരിക്കാം. കേരള റവന്യൂ റിക്കവറി നിയമത്തിലെ വകുപ്പ് 50ൽ ഇതിനായി വ്യവസ്ഥ ഉൾപ്പെടുത്തും.
സർക്കാറിന് ഏറ്റെടുക്കാമെന്ന് നേരത്തേ നിയമത്തിൽ പരാമർശമുണ്ടായിരുന്നെങ്കിലും വ്യക്തത വരുത്തി, കൃത്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്താനാണ് ഭേദഗതി. റവന്യൂ റിക്കവറിക്കായി വസ്തുക്കൾ ജപ്തി ചെയ്യുമ്പോൾ, വസ്തു ഉടമയും അദ്ദേഹത്തിന് ബാധ്യതയുള്ള സ്ഥാപനവും തമ്മിലെ കരാറിൽ നിശ്ചയിച്ചതിനെക്കാൾ കൂടിയ പലിശ ഈടാക്കാൻ പാടില്ല. കരാറിൽ ഇപ്രകാരം വ്യവസ്ഥയില്ലെങ്കിൽ ഈടാക്കാവുന്ന പലിശയുടെ പരിധി ഒമ്പത് ശതമാനമായി പരിമിതപ്പെടുത്തും. നിലവിൽ 18 ശതമാനംവരെ പലിശ ഈടാക്കുന്ന സ്ഥിതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.