മാലിന്യ ശേഖരണത്തിന് പുതുക്കിയ കലണ്ടർ; ജി.പി.എസോടെ പാഴ്വസ്തുശേഖരണ വണ്ടികൾ
text_fieldsതൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ കേന്ദ്രങ്ങളിൽ (എം.സി.എഫ് - മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററുകൾ) ഉപയോഗിക്കുന്ന വാഹനങ്ങൾ ജി.പി.എസ് ഘടിപ്പിച്ചതായിരിക്കണമെന്ന് അജൈവ പാഴ് വസ്തുക്കളുടെ സംസ്കരണം സംബന്ധിച്ച മാർഗരേഖ. ശാസ്ത്രീയമല്ലാത്ത മാലിന്യ നീക്കം ഗുരുതര ഭവിഷത്തുക്കൾ ഉണ്ടാക്കുന്നെന്ന വിലയിരുത്തലിലാണ് പുതിയ നിർദേശം.
പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്ന വാഹനത്തിന്റെ സഞ്ചാരം ജി.പി.എസ് വഴി കൃത്യമായി പരിശോധിക്കണം. ഓരോ ലോഡ് കൊണ്ടുപോകാനും ഔദ്യോഗിക ‘ഏറ്റുവാങ്ങൽ രേഖ’ അത്യാവശ്യമാണ്. വാഹനത്തിന്റെ ജി.പി.എസ് വിവരങ്ങൾ വാങ്ങിയ ശേഷം മാത്രമേ അനുമതി പത്രം നൽകാൻ പാടുള്ളൂ. വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിക്കണം. ഒടുവിൽ വാഹനം കൃത്യമായി സംസ്കരണ കേന്ദ്രത്തിൽ എത്തിയതിന്റെ രേഖ തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കണം. സംസ്കരണ പ്രവർത്തന പുരോഗതി നിരന്തരം വിലയിരുത്തേണ്ടത് മലിനീകരണ നിയന്ത്രണ ബോർഡ് ജില്ല ഉദ്യോഗസ്ഥരടങ്ങുന്ന ജില്ല ഏകോപന സമിതിക്കായിരിക്കും.
ക്ലീൻ കേരള കമ്പനിക്ക് നേരിട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യ ശേഖരണ - സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാം. പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യങ്ങൾ സംസ്കരിക്കാൻ 10 രൂപയും നികുതിയും നൽകി ശേഖരിക്കാം. ‘ഇ വേസ്റ്റ്’ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള ചെലവ് 50 രൂപയും നികുതിയും. പുനഃചംക്രമണ യോഗ്യമല്ലാത്ത മാലിന്യം സംസ്കരിക്കാനുള്ള ശാസ്ത്രീയ സംവിധാനം ഉപയോഗപ്പെടുത്തേണ്ട ചുമതല ക്ലീൻ കേരള കമ്പനിക്കാണ്.
ഇതിനാവശ്യമായ തുക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താം.ശുചിത്വമിഷൻ, ഹരിത കേരളം മിഷൻ, കുടുംബശ്രീ, കെൽട്രോൺ, ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥർ പങ്കെടുത്ത ശിൽപശാലയിലെ തീരുമാനമനുസരിച്ച് പുതുക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടറും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി.കലണ്ടറനുസരിച്ച് ജനുവരി മാസം ശേഖരിക്കുക ഇ വേസ്റ്റ് ആണ്. പേപ്പർ, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ എല്ലാ മാസവും ശേഖരിക്കും. മാലിന്യം ശേഖരിക്കുന്ന വിവരം തദ്ദേശ സ്ഥാപനങ്ങളിൽ പരസ്യപ്പെടുത്തണമെന്നും നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.