ആശങ്കയോടെ തദ്ദേശ സ്ഥാപനങ്ങൾ; മാലിന്യ ശേഖരണ കേന്ദ്രങ്ങൾക്ക് പുതുക്കിയ മാനദണ്ഡം
text_fieldsതൃശൂർ: മാലിന്യ ശേഖരണ കേന്ദ്രങ്ങൾ വിപുലപ്പെടുത്താനുള്ള നിർദേശത്തിൽ ആശങ്കകളോടെ തദ്ദേശ സ്ഥാപനങ്ങൾ. പുതുക്കിയ മാർഗരേഖയിൽ എം.സി.എഫ് (മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) കേന്ദ്രങ്ങൾക്ക് കുറഞ്ഞ വിസ്തീർണം നിശ്ചയിക്കുകയും ടോയ്ലറ്റ് ഉൾപ്പെടെ സ്ത്രീ സൗഹൃദ രീതിയിൽ നിർമാണം നിഷ്കർഷിക്കുകയും ചെയ്തതോടെയാണ് തദ്ദേശസ്ഥാപനങ്ങൾ കുഴങ്ങിയത്.
പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, കുപ്പികൾ, കുപ്പിച്ചില്ലുകൾ, ഇ-മാലിന്യം എന്നിങ്ങനെ മണ്ണിൽ അലിഞ്ഞുചേരാത്തവ സമ്പൂർണമായും നിർമാർജനം ചെയ്യാനും പുനഃചംക്രമണത്തിലൂടെ പ്രയോജനകരമായ മറ്റ് ഉൽപന്നങ്ങളാക്കിമാറ്റാനും ശേഖരിക്കുന്നതിനുള്ളതാണ് എം.സി.എഫ് കേന്ദ്രങ്ങൾ.
ഡിവിഷനുകളിൽനിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം ഇവിടെയെത്തിച്ച് ഇനംതിരിച്ച് വെക്കുകയും പിന്നീട് വിവിധ ഏജൻസികൾക്ക് കൈമാറുകയും ചെയ്യും. ഇത്തരത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ എം.സി.എഫുകളും വാർഡ്, ഡിവിഷൻ തലങ്ങളിൽ മിനി എം.സി.എഫുകളും വേണമെന്നാണ് വ്യവസ്ഥ.
എം.സി.എഫുകൾക്ക് കുറഞ്ഞത് 1500-2000 ചതുരശ്ര അടി വിസ്തീർണവും വാർഡുതല മിനി എം.സി.എഫിന് ചതുരശ്ര അടി വിസ്തീർണവും വേണം. ഇവിടങ്ങളിൽ ബെയിലിങ് മെഷീൻ, കൺവെയർ ബെൽറ്റ്, വെയിങ് മെഷീൻ എന്നിവ അനിവാര്യമാണ്. അതിനേക്കാളുപരി സ്ത്രീ സൗഹൃദമാവണമെന്ന് നിർദേശിക്കുന്നു. വെള്ളം, വൈദ്യുതി, ഫാൻ, ടോയ്ലറ്റ്, ഡ്രസിങ് റൂം, ഓഫിസ് കോർണർ എന്നിവ സജ്ജീകരിക്കണം.
നഗരസഭകൾക്ക് മേഖല തിരിച്ച് ഒന്നിലധികം എം.സി.എഫ് വേണം. കോർപറേഷനുകളിൽ സോണൽ അടിസ്ഥാനത്തിലും സജ്ജമാക്കണം. ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്.ആര്.എഫ്) സെന്റുകള്‍ വഴി സംസ്കരിക്കുകയാണ് ചെയ്യുന്നത്.
എം.സി.എഫുകളിൽ തരംതിരിക്കുന്ന പുനഃചംക്രമണ യോഗ്യമായ പാഴ്വസ്തുക്കൾ കൃത്യമായ ഇടവേളകളിൽ ക്ലീൻ കേരള കമ്പനി മുഖേന/അംഗീകൃത ഏജൻസികൾ വഴി കൈയൊഴിയാനുള്ള ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങൾക്കാണ്. പാഴ്വസ്തു ശേഖരണ വിവരം മാസതോറും ജില്ലതല ഏകോപന സമിതി വിലയിരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.