പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം 23 ന്
text_fieldsതിരുവനന്തപുരം: 2025-2026 അധ്യയന വർഷത്തെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും അതിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഈമാസം 23 ന് ഉച്ചക്ക് 12 ന് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ ആക്കിയതിന്റെ പ്രകാശനം നിർവഹിക്കപ്പെടുകയാണ്. ഡയറിക്കുറിപ്പുകൾ സമാഹരിച്ച് എഡിറ്റ് ചെയ്തത് പൊതു വിദ്യാഭ്യാസ മന്ത്രിയാണ്. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉണ്ട്. ക്ലാസ് മുറികളിൽ പ്രത്യേകിച്ച് ഒന്നാം ക്ലാസിൽ നടക്കുന്ന ഭാഷാ പഠന പ്രവർത്തനങ്ങളുടെ മികവിനെ അംഗീകരിക്കുവാനും സ്വതന്ത്രമായി എഴുത്തു തുടങ്ങിയ ഒന്നാം ക്ലാസിലെ കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമാണ് ഇത്തരത്തിൽ ഒരു പുസ്തകം പുറത്തിറക്കുന്നത്.
പുസ്തകത്തിൽ മുഖ്യമന്ത്രിയുടെ സന്ദേശവും ഉണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം.എബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. കുരുന്നെഴുത്തുകൾ എന്ന ഈ പുസ്തകം പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്.
പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ എല്ലാം തന്നെ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ വിദ്യാലയങ്ങളിൽ എത്തിക്കുവാനും കുട്ടികൾക്ക് വിതരണം ചെയ്യുവാനും സാധിച്ചുവെന്ന് മനത്രി പറഞ്ഞു. 23 ന് ബാക്കി ക്ലാസുകളിലെ മുഴുവൻ പാഠപുസ്തകങ്ങളുടെയും വിതരണം ഉദ്ഘാടനം നിർവഹിക്കുകയാണ്. കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ ചടങ്ങിൽ വെച്ച് വിതരണം നടത്തുന്നതാണ്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് നമ്മൾ രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത് ഈ പരിഷ്‌കരിച്ച പുസ്തകങ്ങളെല്ലാം തന്നെ സമയബന്ധിതമായി വിദ്യാർഥികൾക്ക് നൽകി.
പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും അതുപോലെതന്നെ കലാ വിദ്യാഭ്യാസം,തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും അത് ഇതിനകം തന്നെ സ്‌കൂളുകളിൽ എത്തിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.
തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്‌വസ്തു പരിപാലനം,പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം, എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. ആകെ മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടത്.
ഈ പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. മെയ് മാസം പത്താം തീയതിയോടു കൂടി മുഴുവൻ പാഠപുസ്തകങ്ങളും വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും. പുതുക്കിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും കൃത്യമായിട്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് മെയ് 13 മുതൽ ഈ പരിശീലന പരിപാടികൾ ആരംഭിക്കും.ഈ പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ വലിയ പ്രാധാന്യത്തോടെ കൂടി തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.