കുളിച്ച് കുട്ടപ്പനായി കൊച്ചി മെട്രോ; തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും
text_fieldsകൊച്ചി: നാലാംഘട്ട അൺലോക്ക് പ്രക്രിയയുടെ ഭാഗമായി കൊച്ചി മെട്രോ സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷ മുൻകരുതലുകളുടെയും അടിസ്ഥാനത്തിൽ മെട്രോ വീണ്ടും ഓടിത്തുടങ്ങുേമ്പാൾ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ).
സർവിസ് പുനരാരംഭിക്കുന്ന ആദ്യ രണ്ട് ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഒരുമണി വരെയും ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി എട്ടുമണി വരെയുമാണ് സർവിസ്. നാലു മണിക്കൂർ ഇടവിട്ട് ട്രെയിൻ അണു വിമുക്തമാക്കും. ഒന്നിടവിട്ട സീറ്റുകളിലാണ് യാത്രക്കാരെ ഇരുത്തുക. 900 പേർക്ക് യാത്രയൊരുക്കാൻ ശേഷിയുള്ള മെട്രോയിൽ നിയന്ത്രണങ്ങൾ വരുന്നതോടെ 75 പേർക്ക് മാത്രമാകും യാത്ര ചെയ്യാൻ സാധിക്കുക.
26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും കോച്ചിനകത്തെ താപനില. മാർച്ച് 23ന് സർവിസ് നിർത്തിയ ശേഷം ഇതുവരെ ആരെയും അകത്തു കയറ്റിയിട്ടില്ല. മെട്രോ സർവിസ് ഇല്ലാതിരുന്ന കാലത്ത് പോലും ആഴ്ചയിൽ രണ്ടുതവണ അണു നശീകരണം നടത്തിയിരുന്നു.
മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലെയും കോവിഡ് പ്രതിരോധം എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിച്ച് കൊച്ചി മെട്രോ ഒരുക്കിയ ഹ്രസ്വചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ചലച്ചിത്ര താരം വിനയ് ഫോർട്ടാണ് 2.39 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ കാര്യങ്ങൾ വിശദീകരിച്ച് അഭിനയിച്ചിരിക്കുന്നത്.
തിരക്കിനനുസരിച്ചാകും സർവിസുകൾ പൂർവസ്ഥിതിയിലാക്കുക. സെപ്റ്റംബർ ഒമ്പത് മുതൽ 10 മിനിറ്റ് ഇടവേളയിൽ രാവിലെ ഏഴ് മുതൽ 12 വരെയും രണ്ട് മുതൽ ഒമ്പത് വരെയുമാണ് സർവിസ്. 12 മണി മുതൽ രണ്ട് വരെ ഓരോ 20 മിനിറ്റിലും ട്രെയിനുകൾ ഓടും.
ഞായറാഴ്ചകളിൽ രാവിലെ എട്ടിന് യാത്ര ആരംഭിക്കും. അവസാന ട്രെയിൻ ആലുവ, തൈക്കുടം സ്റ്റേഷനുകളിൽ നിന്നും ഒമ്പത് മണിക്ക് പുറപ്പെടും. ഞായറാഴ്ച എട്ട് മണിക്കാണ് സർവിസ് ആരംഭിക്കുക. ട്രെയിനിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകൾക്ക് സുഗമമായി കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കുന്നതിനായി ഓരോ സ്റ്റേഷനുകളിൽ 20 സെക്കൻഡ് സമയം വാതിൽ തുറന്നിടും.
യാത്രക്കാർക്ക് ഏറ്റവും സൗകര്യപ്രദമാകുന്ന രീതിയിലാകും സേവനമൊരുക്കുകയെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു. ട്രെയിനുകൾ വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്ലാറ്റ്ഫോമുകൾ, കൗണ്ടറുകൾ, പ്ലാറ്റ്ഫോം കസേരകൾ, എലിവേറ്റർ ബട്ടൺ, എസ്കലേറ്റർ എന്നിവയും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും. ഇതോടൊപ്പം കൊച്ചി വൺ കാർഡിൻെറ കാലാവധി ദീർഘിപ്പിച്ചു. സർവിസ് നിർത്തിയ സമയം കാർഡിൽ അവശേഷിച്ചിരുന്ന തുക വരും ദിവസങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.