വിവാഹ പ്രായം ഉയർത്തിയതായി പ്രചാരണം; ആശങ്കയുമായി രക്ഷിതാക്കൾ
text_fieldsകോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബർ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത് എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവെര വ്യക്തമാക്കിയിട്ടില്ല. 'ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്' പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പടച്ചുവിടുന്നത്.
ഇതിനോടകം വിവാഹം ഉറപ്പിച്ചുവെച്ച 18 വയസ്സ് തികഞ്ഞ എന്നാൽ, 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയർത്തിയാൽ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇവരെ അലട്ടുന്നത്. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.
മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിെൻറ ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
"നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടൻ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കും" -എന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. 75 രൂപയുടെ നാണയം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര്യദിന പ്രഭാഷണത്തിലും പ്രധാനമന്ത്രി ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു.
അതേസമയം, വിവാഹപ്രയം ഉയർത്താനുള്ള നീക്കത്തിനെതിരെ വിവിധ മതവിഭാഗങ്ങളുടെ രൂക്ഷമായ എതിർപ്പ് ഉയരുന്നുണ്ട്. സംഘ് പരിവാർ അനുകൂലികൾ വരെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ധൃതിപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് അനുമാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.