വർഗീയ പ്രചാരണത്തിന് നവോത്ഥാന നായകരെ കരുക്കളാക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സമൂഹത്തിൽ വർഗീയ പ്രചാരണത്തിന് നവോത്ഥാന നായകരെത്തന്നെ കരുക്കളാക്കുകയാണെന്നും നവോത്ഥാന പ്രതീകങ്ങളെ ചരിത്രവിരുദ്ധമായ വിധത്തിൽ ഉപയോഗിക്കാൻ വിട്ടുകൊടുക്കില്ലെന്ന നിർബന്ധബുദ്ധിയുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്തിന്റെ സാമൂഹിക-സാംസ്കാരിക മികവുകളെ കരിവാരിത്തേയ്ക്കാൻ ദേശീയതലത്തിൽ സംഘടിത ശ്രമങ്ങളും നീചമായ പ്രചാരണങ്ങളും നടക്കുകയാണ്. അതിന്റെ ഭാഗമായുള്ള പ്രൊപ്പഗണ്ട സിനിമകളും വരെ ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു. കേരള നവോത്ഥാനസമിതി (കെ.എൻ.എസ്) സംസ്ഥാന നേതൃത്വ കൺവെൻഷൻ കെ.എസ്.ടി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ചരിത്രം ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാണെന്ന തരത്തിലുള്ള പ്രചാരണമുണ്ടാകുന്നു. അതിനായി യഥാർഥ ചരിത്രം മറച്ചുെവക്കുകയും വ്യാജ ചരിത്രം നിർമിക്കുകയും ചെയ്യുകയാണ്. ഇത് അംഗീകരിക്കാൻ പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹത്തിന് കഴിയില്ല. കളമശ്ശേരിയിലുണ്ടായ ദൗർഭാഗ്യസംഭവത്തിന്റെ വിവരം കേട്ടയുടൻ അതിനെ വർഗീയവത്കരിക്കാനും വർഗീയ വികാരം കത്തിച്ച് വർഗീയ ചേരിതിരിവുസൃഷ്ടിക്കാനും ശ്രമമുണ്ടായി. പക്ഷേ കേരളം ആ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഒറ്റക്കെട്ടായി അണിനിരന്നു. നവോത്ഥാനത്തിന്റെ കാലം കഴിഞ്ഞില്ലേയെന്ന് നിരുപദ്രവകരമായി ചോദിക്കുന്നവർക്ക് പ്രത്യേക അജണ്ടയുണ്ട്.
ജാതിനിരപേക്ഷ സമൂഹവും മതനിരപേക്ഷ സമൂഹവും തമ്മിൽ വ്യത്യാസമുണ്ട്. ജാതി ചോദിക്കരുത്, പറയരുതെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് ജാതിരഹിത സമൂഹം. അതിൽ ജാതി ഇല്ലാതാകുകയോ അല്ലെങ്കിൽ പ്രസക്തമല്ലാതാവുകയോ ആണ് ചെയ്യുന്നത്. മതനിരപേക്ഷ സമൂഹമെന്നത് മതമില്ലാത്ത സമൂഹമല്ല. മതത്തെ ഉപേക്ഷിക്കാതിരിക്കലും അതേസമയം ദുരുപയോഗിക്കാതിരിക്കലുമാണ്. ഇതിൽ മതത്തിന്റെ നിരാകരണമല്ല, മതത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിന്റെ നിരാകരണം മാത്രമേയുള്ളൂ. വ്യത്യസ്ത മതവിശ്വാസങ്ങളുള്ളപ്പോഴും മനസ്സുകൊണ്ട് ഒരുമിക്കുകയെന്നത് കേരള സമൂഹത്തിന്റെ സഹജ സ്വഭാവമാണ്.
ഡോ. എ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.ശാന്തകുമാരി എം.എൽ.എ, പി. രാമഭദ്രൻ, അഡ്വ.കെ. സോമപ്രസാദ്, അഡ്വ.കെ.പി. മുഹമ്മദ്, കെ.പി. നടരാജൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.