Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രിയ മുഖ്യമന്ത്രി,...

പ്രിയ മുഖ്യമന്ത്രി, ഒന്ന് ബ്രേക്കിടുമോ മാവൂരിലെ കാൻസർ സെന്ററിന് മുമ്പിൽ!

text_fields
bookmark_border
പ്രിയ മുഖ്യമന്ത്രി, ഒന്ന് ബ്രേക്കിടുമോ മാവൂരിലെ കാൻസർ സെന്ററിന് മുമ്പിൽ!
cancel

വ കേരളം പടുത്തുയർത്താൻ ജനപിന്തുണ തേടി പൊതു സദസ്സുകളിലേക്ക് ബസ്സു യാത്രയാരംഭിച്ച മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെയും മന്ത്രിപടയുടെയും അറിവിലേക്ക്. 36 ദിവസം നീളുന്ന ജനകീയ യാത്രയിലാണല്ലോ താങ്കളും സംഘവും. 140 മണ്ഡലങ്ങളും കറങ്ങുമ്പോൾ മറന്നു പോകരുതാത്ത ഒരു സ്റ്റോപ്പുണ്ട്! മാവൂരിലെ തെങ്ങിലക്കടവ് മലബാർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. 2010 ൽ തീർത്തും സൗജന്യമായി താങ്കളുടെ സർക്കാരിന് കൈമാറിയ ആറര ഏക്കർ സ്ഥലവും നല്ലൊരു ആസ്പത്രി കെട്ടിടവും കാടുപിടിച്ചു കിടക്കുന്നത് താങ്കൾക്ക് അവിടെ കാണാം. കാൻസർ ചികിത്സയും അനുബന്ധ ഗവേഷണവും നടത്തുമെന്ന ഉറപ്പിൽ അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറാണ്, ഡോ ഹഫ്സത് കാദർ കുട്ടി നയിച്ചിരുന്ന മലബാർ കാൻസർ റിസർച്ച് ട്രസ്റ്റിൽ നിന്ന് ആശുപത്രി ഏറ്റുവാങ്ങിയത്. തലശേരിയിലെ കാൻസർ സെന്ററിന്റെ ഉപകേന്ദ്രമാക്കുമെന്നും തുടർന്ന് അത്യാധുനിക കാൻസർ ചികിത്സാ ഗവേഷണകേന്ദ്രമാക്കി ഉയർ‌ത്തുമെന്നുമായിരുന്നു ഇടതുപക്ഷ സർക്കാറിന്റെ വാഗ്ദാനം!. ഒന്നും നടന്നില്ലെന്നു മാത്രമല്ല ഏറ്റെടുത്ത ശ്രീമതി ടീച്ചർ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയതേയില്ല.

ഇന്നലെ നിര്യാതയായ ജസ്റ്റിസ് ഫാത്തിമ ബീവിയായിരുന്നു 1997 ൽ ഇതിന് തറക്കല്ലിട്ടത്. അന്ന് തലശ്ശേരിയിലെ കാൻസർ സെന്റർ പ്രഖ്യാപിക്കപ്പെട്ടിട്ട് പോലുമില്ല! 2001-ൽ ഗവർണറായിരുന്ന ജസ്റ്റിസ് സുഖ്‌ദേവ്‌സിങ്‌ കാങ്‌ ആശുപത്രി ഉദ്ഘാടനം ചെയ്തു. മലബാറിലുള്ളവർക്ക് ചികിത്സ കിട്ടണമെങ്കിൽ തിരുവനന്തപുരം വരെ പോകേണ്ട കാലമായിരുന്നു അത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉണ്ടായിരുന്ന സ്ഥലമായിരുന്നു മാവൂർ. 2010 വരെ ഇവിടെ ട്രസ്റ്റ് വക സൗജന്യ ചികിത്സയുണ്ടായിരുന്നു. ആദ്യകാലത്തു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള മരുന്നും ചെലവും ഭക്ഷണവും താമസവുമടക്കം സൗജന്യമായി നൽകി. പിന്നീട് റേഡിയേഷൻ തെറാപ്പി യൂണിറ്റുകൂടി ഒരുക്കി. എന്നാൽ, ഉപകരണങ്ങൾക്കായുള്ള വൻ മുതൽമുടക്കും ആശുപത്രി നടത്തിപ്പുചെലവും ട്രസ്റ്റിന് താങ്ങാനാവുന്നതായിരുന്നില്ല. അതോടെ സർക്കാരിന് കൈമാറി. കൂടുതൽ ജനോപകാരപ്രദമാവാനായിരുന്നു തീർത്തും സൗജന്യമായി സർക്കാരിന് കൈമാറിയത്.

കോടിക്കണക്കിനു രൂപ വിലമതിക്കുന്ന ഭൂമിയും കെട്ടിടവും സംവിധാനങ്ങളും സൗജന്യമായി സർക്കാരിന് ലഭിച്ചിട്ടും അതിൽ ആത്മാർത്ഥമായ തുടർനടപടികളോ തീരുമാനങ്ങളോ എടുക്കാതെ, ആ ശ്രമത്തെ താങ്കളുടെ സംഘത്തിൽ പെട്ട ആരൊക്കെയോ അട്ടിമറിച്ചു വെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാവൂരിലെ കാൻസർ സെന്റർ! ഒരു പക്ഷെ സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ഒരു ഗൂഢശ്രമമാകാം ഇതിനു പിന്നിൽ. എന്തിന്, 2020 ഒക്ടോബറിൽ അവിടുത്തെ ഫർണീച്ചറുകളും വിലകൂടിയ റിസപ്‌ഷൻ ഡെസ്‌ക്കുകളും ഉപകരണങ്ങളും സർക്കാർ അധികൃതർ മറ്റേതോ കേന്ദ്രത്തിലേക്ക് കടത്തിയതും പത്രങ്ങളിൽ വാർത്തയായിരുന്നു!

2014 ഒക്ടോബറിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യമന്ത്രിയുടെയും സാമൂഹ്യനീതി മന്ത്രിയുടെയും സാന്നിദ്ധ്യത്തിൽ ചേ‌ർന്ന യോഗം കേന്ദ്രസർക്കാരിന്റെ ടെർഷ്യറി കാൻസർ സെന്റർ സ്കീമിന് കീഴിൽ കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു സബ് സെന്റർ ആയി മാവൂരിലെ മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിലേക്കായി വിശദമായ പ്രൊപ്പോസൽ സമർപ്പിക്കുവാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ചുമതപ്പെടുത്തിയിരുന്നു. പ്രൊപോസൽ സമർപ്പിക്കപ്പെട്ടു. എന്നാൽ അതെവിടെ പോയെന്നറിയില്ല! പ്രിയ മുഖ്യമന്ത്രി, ഇതേപ്പറ്റി അങ്ങേക്കറിയില്ലെന്ന് മാത്രം പറയരുത്. 2015 ഡിസംബറിലും 2016 ഫെബ്രുവരിയിലും നിയമസഭയിൽ എംഎൽഎ പിടിഎ റഹീം ഈ സെന്റർ സംബന്ധിച്ച ചോദ്യം ആവർത്തിച്ചിട്ടുണ്ട്. മറ്റൊരു ചോദ്യത്തിന് കാൻസർ സെന്ററിനെ കോഴിക്കോട് മെഡിക്കൽ കോളജിന് കീഴിലുള്ള ഒരു കാൻസർ സ്ക്രീനിങ് സെന്ററായി മാറ്റാൻ ഉത്തരവായിട്ടുണ്ട് എന്നായിരുന്നു 2017 മാർച്ചിൽ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ മറുപടി.

ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2019ൽ നിയമസഭയിൽ പി.ടി.എ റഹീം ചോദ്യം ആവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ ഒരു കേന്ദ്രമായി പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചു വരുന്നു എന്നായിരുന്നു 2019 മെയ് മാസം ആരോഗ്യമന്ത്രി നൽകിയ മറുപടി. അതായത് 2010 തൊട്ട് സർക്കാർ ആവർത്തിക്കുന്നതു ഒരേ മറുപടി! ഇങ്ങനെ സംഗതി ആകെ കുഴഞ്ഞു മറഞ്ഞു കിടക്കുകയാണ്. ജനം പലതും പറയുന്നുണ്ട് .

ഇതൊക്കെ താങ്കൾ അറിയാതെയാണെങ്കിൽ, ഈ വിവരം താങ്കളെ അറിയിക്കാൻ കൂടിയാണ് ഈ കുറിപ്പ് . അതുകൊണ്ട് മാത്രമാണ് അവിടെയെത്തുമ്പോൾ ബസ്സൊന്ന് ബ്രെയ്ക്കടിക്കണം എന്നപേക്ഷിക്കുന്നത്! ആ ബ്രെയ്ക്കടി ഒരുപക്ഷെ ജനങ്ങൾക്കൊരു ആശ്വാസമായേക്കാം. അഥവാ താങ്കൾക്കൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ തന്നവർക്ക് തന്നെ തിരിച്ചേൽപ്പിക്കുക. പ്രവാസികളടക്കം ഒരുപാട് പേരുടെ അധ്വാനമാണത്. താങ്കളുടെ ഭാഗത്തു നിന്ന് നല്ലൊരു നീക്കമുണ്ടായാൽ ആയിരക്കണക്കിന് പാവപെട്ട രോഗികൾക്കതു ഉപകാരമാകും ! നവകേരള സദസ്സിന് ഒരു പൊൻതൂവലും!

(മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancer centreMavoorKerala NewsThengilakkadavu
News Summary - Revival of cancer centre atThengilakkadavu near Mavoor
Next Story