കാഫിർ പോസ്റ്റ്: എല്ലാം ഡി.വൈ.എഫ്.ഐ പറഞ്ഞിട്ടുണ്ടെന്ന് റിബേഷ് രാമകൃഷ്‌ണൻ; ‘ഫോണ്‍ പിടിച്ചെടുത്തതല്ല, പരിശോധിക്കാൻ നൽകിയത്’
text_fieldsകോഴിക്കോട്: കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ കൂടുതൽ ഒന്നും പറയാനില്ലെന്നും എല്ലാം ഡി.വൈ.എഫ്.ഐ പറഞ്ഞിട്ടുണ്ടെന്നും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷ് രാമചന്ദ്രൻ. റെഡ് എന്‍ കൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പില്‍ റിബേഷ് രാമകൃഷ്ണനാണ് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തതെന്ന് പൊലീസ് ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഡി.വൈ.എഫ്.ഐ പറഞ്ഞതിൽ കൂടുതൽ വേറെ പ്രത്യേകിച്ച് എനിക്ക് ഒന്നും പറയാനില്ല. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന പറഞ്ഞിട്ടുണ്ടല്ലോ’ -റിബേഷ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ റിബേഷിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വം രംഗത്തെത്തി. വിഷയത്തില്‍ റിബേഷ് കോടതിയെ സമീപിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ജില്ലാ സെക്രട്ടറി ഷൈജു പറഞ്ഞു. കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘വടകരയില്‍ വര്‍ഗീയ പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. റിബേഷിനെ പൊലീസ് സാക്ഷിയാക്കിയതാണ്. പൊലീസ് റിബേഷിന്‍റെ ഫോണ്‍ പിടിച്ചെടുത്തതല്ല, പരിശോധിക്കനായി റിബേഷ് കൈമാറിയതാണ്’ -ഷൈജു പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്ന് പൊലീസ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ഫോണ്‍ കൈമാറിയതെന്നും ഷൈജു പറഞ്ഞു.
കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് റിബേഷാണെന്ന് നേരത്തെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം ആരോപിച്ചിരുന്നു. ആറങ്ങോട്ട് എം.എല്‍.പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു. സംഭവത്തിൽ വർഗീയ പ്രചരണം നടത്തിയ റിബേഷിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് പരാതി നൽകിയത്. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.