സർക്കാറിന് അരി വിതരണം തുടരാം; തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ
text_fieldsകൊച്ചി: വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകൾക്ക് സ്പെഷല്‍ അരി നല്‍കുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമാക്കാത്തവിധം അരി വിതരണം ചെയ്യാമെന്ന് ജസ്റ്റിസ് പി.വി. ആശ വ്യക്തമാക്കി. മാർച്ച് 23ലെ കമീഷെൻറ ഉത്തരവ് ചോദ്യം ചെയ്ത് ഭക്ഷ്യ-സിവിൽ സപ്ലൈസ് അഡീ. സെക്രട്ടറി സമർപ്പിച്ച അടിയന്തര ഹരജിയാണ് കോടതി പരിഗണിച്ചത്.
വെള്ള, നീല കാര്‍ഡുകള്‍ക്ക് ഈ മാസം 31നുമുമ്പ് 10 കിലോ അരി 15 രൂപ നിരക്കില്‍ നൽകാനുള്ള തീരുമാനം നടപ്പാക്കുന്നതാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതികൂടി കണക്കിലെടുത്ത് കമീഷൻ തടഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുേമ്പ അരി വിതരണം ചെയ്യാൻ തീരുമാനിെച്ചന്നായിരുന്നു സർക്കാറിനുവേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറലിെൻറ വാദം. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി അരി വിതരണത്തിന് അനുമതി തേടി അപേക്ഷ നൽകിയെങ്കിലും മറ്റ് വിശദാംശങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഇക്കാര്യങ്ങൾ വിശദീകരിച്ച് പുതിയ അപേക്ഷ നൽകണമെന്നുമായിരുന്നു കമീഷെൻറ ആവശ്യം. 15 രൂപക്ക് 10 കിലോ അരിവീതം നൽകുമെന്ന് ജനുവരി 15ന് അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതായി എ.എ.ജി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് ഫെബ്രുവരി നാലിന് സർക്കാർ ഉത്തരവിടുകയും അരി വാങ്ങാൻ ലേലനടപടികൾ അംഗീകരിക്കുകയും ചെയ്തു.
ഈ മാസം 30ന് ഇക്കാര്യം നടന്നില്ലെങ്കിൽ തീരുമാനം പ്രാവർത്തികമാക്കാനാവില്ല. വീണ്ടും ലേല നടപടികളിൽ പങ്കെടുക്കേണ്ട അവസ്ഥയുണ്ടാകും. നിയമസഭ െതരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26നാണ് പെരുമാറ്റച്ചട്ടം നിലവിൽവന്നതെന്നും അരി വിതരണം ചെയ്യാൻ കമീഷെൻറ അനുമതി തേടിയത് ഈ മാസം 16നാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കാതെ അരി വിതരണമാകാമെന്ന് കോടതി നിർദേശിച്ചത്.
വിതരണം 31 മുതൽ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ മുൻഗണനേതര വിഭാഗത്തിനുള്ള (നീല, വെള്ള കാർഡുകൾ) സ്പെഷൽ അരിയുടെ വിതരണം മാർച്ച് 31ന് ആരംഭിക്കും. ഓരോ കാർഡിനും 15 രൂപക്ക് 10 കിലോ അരിയാണ് ലഭിക്കുക. മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ ആറുവരെ നീട്ടാനും തീരുമാനമായിട്ടുണ്ട്.
അതേസമയം ഇ-പോസ് മെഷീനിലെ സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് ഏപ്രിൽ മാസത്തെ സൗജന്യഭക്ഷ്യകിറ്റിെൻറ വിതരണം തിങ്കളാഴ്ച ആരംഭിക്കാനായില്ല. പ്രശ്നങ്ങൾ പരിഹരിച്ച് ഇന്നുമുതൽ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരിയിലെ ഭക്ഷ്യകിറ്റ് വിതരണം മാർച്ച് 31ന് അവസാനിക്കും. ഏപ്രിലിലെ കിറ്റിനൊപ്പം മാർച്ചിലെ കിറ്റ് വിതരണവും തുടരുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.