റേഷൻ കടകളിൽ അരി സുലഭം; വിപണിയിൽ അന്തർ സംസ്ഥാന വരവ് കുറഞ്ഞു
text_fieldsമലപ്പുറം: സംസ്ഥാനത്ത് റേഷൻ കടകളിൽ അരി സുലഭമായതോടെ വിപണിയിൽ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞു. 60-70 ശതമാനം അരിയുടെ വരവാണ് ഒരുവർഷത്തിനുള്ളിൽ കുറഞ്ഞത്. അന്തർ സംസ്ഥാനങ്ങളിൽനിന്ന് ദിനംപ്രതി 850ഒാളം ലോഡ് അരി ലോറികളിൽ വന്നിരുന്നു.
എന്നാൽ, കോവിഡ് കാലത്ത് െപാതുവിതരണ സംവിധാനം വഴി സൗജന്യ റേഷനും ഭക്ഷ്യകിറ്റും നൽകാൻ തുടങ്ങിയതോടെ അത് 450 ലോഡിൽ താഴെയായി. വിൽപന കുറഞ്ഞതിനാൽ കച്ചവടക്കാർ അരി സ്റ്റോക് കുറച്ചു. 30-40 ശതമാനം വരെ മാത്രമാണ് ഗോഡൗണുകളിൽ സ്റ്റോക് ചെയ്യുന്നത്. ഒഡിഷ, ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് അരി കേരളത്തിലേക്ക് എത്തുന്നത്. ആന്ധ്രയിൽനിന്നുള്ള ജയ, സുരേഖ, ഒഡിഷയിൽനിന്നുള്ള കുറുവ, ബംഗാളിൽനിന്നുള്ള സ്വർണം എന്നിവയുടെ വരവാണ് കുറഞ്ഞത്. ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് കപ്പൽ വഴിയും അരിയെത്തുന്നു.
പാലക്കാടൻ മട്ട, ഐ.ആർ എട്ട്, കുത്തരി എന്നിവയാണ് റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കാർഡ് നിർത്തലാക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ബി.പി.എൽ കാർഡ് ഉടമകൾക്ക് സൗജന്യ വിതരണത്തിന് പുറമെ കോവിഡ് പശ്ചാത്തലത്തിൽ നീല, വെള്ള കാർഡ് ഉടമകൾക്ക് പത്തുകിലോ അരി 15 രൂപക്കാണ് വിതരണം ചെയ്യുന്നത്. കോവിഡ് കാലത്ത് 1.83 ലക്ഷം മെട്രിക് ടൺ അധിക റേഷൻ വിതരണം ചെയ്തു.
വിൽപന കുറഞ്ഞതിനാൽ പൊതുവിപണിയിൽ അഞ്ച് മുതൽ എട്ട് രൂപവരെ അരിക്ക് വില കുറഞ്ഞു. സുരേഖ -38 ജയ -35, സ്വർണം -30 എന്നിങ്ങനെയാണ് വില. കുറുവക്ക് മാത്രമാണ് അടുത്തിടെ കൂടിയത്- കിലോക്ക് 30 രൂപ. തമിഴ്നാട്ടിൽ മഴ പെയ്തതും പൊങ്കലും കാരണമാണിത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ അഞ്ച് രൂപ വരെ കുറയുമെന്ന് കൊല്ലം റൈസ് േബ്രാക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ജി. സതീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.