അരിവില വർധന: സർക്കാർ മൊത്ത വ്യാപാരികളുടെ യോഗം വിളിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് അരിവില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മൊത്ത അരി വ്യാപാരികളുടെ യോഗം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് അതത് ജില്ല സപ്ലൈ ഓഫിസർമാർക്ക് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ നിർദേശം നൽകി. നിലവിൽ സംസ്ഥാനത്ത് അരിവില വർധിക്കാൻ ഒരു സാഹചര്യമില്ലാതിരിക്കെ ചില്ലറ വിപണിയിലെ അരിവില അഞ്ചു രൂപവരെയാണ് വർധിച്ചിരിക്കുന്നത്.
നേരത്തേ ആന്ധ്രയിൽനിന്ന് വരുന്ന ജയ അരിക്കായിരുന്നു വിലക്കയറ്റമെങ്കിൽ ഇത്തവണ കേരളത്തിൽ വിളയുന്ന മട്ട അരിക്കാണ് വില ഉയർന്നത്. ഒരാഴ്ചക്കിടെ അഞ്ചു രൂപ ഉയർന്ന് 52-53 രൂപയാണ് മട്ട (ഉണ്ട)ക്ക് വില. ജയ അരിക്ക് മൂന്ന് രൂപ വർധിച്ചിട്ടുണ്ട്. മറ്റ് അരികൾക്കും ക്രമേണ ഒന്നു മുതൽ രണ്ടുരൂപവരെ വർധിച്ചിട്ടുണ്ട്. ഓണം-റമദാൻ വിപണി ലക്ഷ്യമിട്ട് ആന്ധ്ര-കൊല്ലം ലോബി നടത്തുന്ന ഇടപെടലാണ് വിപണിയിൽ കൃത്രിമ വിലക്കയറ്റത്തിന് കാരണമെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. ഇതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്താകമാനം ലീഗൽ മെട്രോളജി വകുപ്പിെൻറയും സപ്ലൈകോയുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന ആരംഭിച്ചുകഴിഞ്ഞു.
ബ്രാൻഡ് അരിയെന്ന പേരിലാണ് പല ചെറുകിട കച്ചവടക്കാരും ചാക്കരി ഉയർന്ന വിലയ്ക്ക് വിൽക്കുന്നത്. ഇത്തരത്തിൽ തിരിമറി നടത്തിയ എട്ട് കച്ചവടക്കാർക്കെതിരെ കേസെടുത്തതായി ഭക്ഷ്യമന്ത്രി പി. തിലോത്തമൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, വെള്ളിച്ചെണ്ണക്കും ചെറിയ ഉള്ളിക്കും പച്ചക്കറികൾക്കും വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളിക്ക് 120-140 രൂപവരെയാണ് പലയിടങ്ങളിലും വില. റമദാൻ പ്രമാണിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനായി സപ്ലൈകോയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപമായി റമദാൻ മെട്രോ ഫെയര് ആരംഭിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിെൻറ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.