കുതിച്ച് അരിവില: മൂന്ന് മാസത്തിനിടെ അഞ്ച് മുതൽ 10 രൂപ വരെയാണ് കിലോക്ക് വർധിച്ചത്
text_fieldsതൃശൂർ: വിലക്കയറ്റത്തിൽ രാജ്യം വലയുമ്പോൾ കേരളത്തിന് തിരിച്ചടിയായി അരി വിലയും കുതിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് മുതൽ 10 രൂപ വരെയാണ് കിലോക്ക് കയറിയത്. മൊത്തം-ചില്ലറ വിലയിൽ മൂന്ന് രൂപയിലധികം വ്യത്യാസമുണ്ട്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ കൂടുതൽ ഉപയോഗിക്കുന്ന ജയ അരിയാണ് വിലക്കയറ്റത്തിൽ മുമ്പൻ. 30-35 രൂപയായിരുന്ന ചില്ലറ വില 45 എത്തിനിൽക്കുകയാണ്. മൊത്തവിപണിയിൽ തന്നെ 40 രൂപയാണ്. ശനിയാഴ്ച 37 ഉണ്ടായിരുന്നത് തിങ്കളാഴ്ച 39ലേക്കും പിന്നീട് 40ലേക്കും കയറി. ഇതോടെയാണ് ചില്ലറ വില 45ൽ എത്തിയത്. വില ഇനിയും ഉയരാനുള്ള സാധ്യതയാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിന് കൂടുതൽ ആവശ്യമുള്ള ജയ, സുരേഖ എന്നീ അരി ആന്ധ്രയിൽനിന്നാണ് എത്തുന്നത്. ആന്ധ്രയിൽ പുതിയ വിളവെടുപ്പ് തുടങ്ങിയെങ്കിലും നെല്ല് അരിയാക്കുന്ന പ്രക്രിയക്ക് കാലതാമസം വരുന്നുണ്ട്. രാജ്യത്താകെയുണ്ടായ വൈദ്യുതി തടസ്സം മൂലം ആന്ധ്രയിലെ മില്ലുകൾക്ക് പ്രവർത്തന നിയന്ത്രണമുണ്ട്.
ആഴ്ചയിൽ മൂന്ന് ദിവസം അഞ്ച് മണിക്കൂർ മാത്രമാണ് അവിടെ വ്യാവസായിക സ്ഥാപനങ്ങൾക്ക് വൈദ്യുതി ലഭിക്കുന്നത്. മില്ലുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ ആവശ്യത്തിനനുസരിച്ച് നെല്ല് അരിയാക്കാൻ പറ്റുന്നില്ല. അതേസമയം, കേരളത്തിന്‍റെ വൻതോതിലുള്ള ആവശ്യം പരിഗണിച്ച് മില്ലുടമകൾ പാടശേഖരങ്ങളിൽ നേരിട്ടെത്തി നെല്ല് ശേഖരിക്കുന്നുണ്ട്. ഡിമാൻഡ് കൂട്ടി വില വല്ലാതെ കൂട്ടാനാണ് നേരിട്ടെത്തിയുള്ള ശേഖരണമെന്നാണ് വ്യാപാരികൾ പറയുന്നത്. കേരളത്തിൽ സപ്ലൈകോ വഴി പാടങ്ങളിൽനിന്ന് ശേഖരിക്കുന്ന മട്ട അരിക്കും വില കുതിക്കുകയാണ്. കിലോക്ക് 30ൽ താഴെ വിലയുണ്ടായിരുന്ന മട്ടക്ക് 39 രൂപയാണ് ഇപ്പോൾ മൊത്തവില. ചില്ലറ വില 41-43 ആയിട്ടുണ്ട്. കനത്ത ചൂടും പിന്നീട് അതിതീവ്ര മഴയും നെല്ലിന്‍റെ ലഭ്യത കുറയാൻ ഇടവരുത്തിയെന്നും ഇതാണ് മട്ട അരിക്ക് വില കൂടാൻ കാരണമെന്നും പറയുന്നു. എന്നാൽ മട്ട അരിക്ക് ജയ അരിക്കൊപ്പം അനാവശ്യമായ വില കൂട്ടുകയാണെന്ന ആക്ഷേപമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള കുറുവ അരിക്ക് മൊത്തവില 33ൽ എത്തി നിൽക്കുമ്പോൾ ചില്ലറവില 35 രൂപക്ക് മുകളിലാണ്. വിപണിയിൽ പരിശോധനയും നടപടികളും ഇല്ലാത്തതിനാൽ പൂഴ്ത്തിവെപ്പിലേക്കും കൃത്രിമ വിലക്കയറ്റത്തിലേക്കുമാണ് നീങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.