നെല്ല് സംഭരണം: സഹകരണ സംഘത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന് ജി. സുധാകരൻ
text_fieldsആലപ്പുഴ: നെല്ല് സംഭരണത്തിൽ സഹകരണ സംഘത്തിന്റെ മെക്കാനിസം ശരിയല്ലെന്ന് മുൻ മന്ത്രി ജി. സുധാകരൻ. മങ്കൊമ്പിൽ കോൺഗ്രസ് സംഘടിപ്പിച്ച ഡോ. എം.എസ്. സാമിനാഥൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സംഘത്തിന്റെ മെക്കാനിസം ശരിയല്ലാത്തത് അവരുടെ കുറ്റംകൊണ്ടല്ല. നെല്ല് സംഭരിക്കാനുള്ള ഗോഡൗണുകൾ ഇല്ലാത്തതാണ് പ്രശ്നം. നെല്ല് സിവിൽ സപ്ലൈസ് കോർപറേഷൻതന്നെ സംഭരിക്കുന്നതാണ് നല്ലത്. എന്നാൽ, നനവ് പറ്റിയെന്ന് പറഞ്ഞ് ആവശ്യമില്ലാതെ തുക വെട്ടിക്കുറക്കരുത്. സർക്കാറിന് വലിയ ലാഭത്തിന്റെ ആവശ്യമില്ല.
കുട്ടനാട് പാക്കേജ് നടപ്പാക്കാൻ ആരും ശ്രമിച്ചില്ല. സബ്സിഡികൾ മാത്രമല്ല, അതിനകത്ത് എന്താണ് പറഞ്ഞതെന്ന് പാടശേഖര കമ്മിറ്റികൾ വായിച്ചുനോക്കണം. പാടശേഖരങ്ങളെ വെള്ളപ്പൊക്കത്തിൽനിന്ന് ഏങ്ങനെ സംരക്ഷിക്കണം എന്നതായിരുന്നു അതിൽ പ്രധാനം. പൊട്ടാത്തരീതിയിലുള്ള ഒരു തടയണപോലും ഉണ്ടാക്കിയിട്ടില്ല. ഇപ്പോഴും കൈനകരിയിലെ ഒരു പാടശേഖരത്തിൽ സ്ഥിരമായി ബണ്ട് പൊട്ടുന്നുണ്ട്. കൃഷിക്കാർ മികച്ചവരാണെന്ന് പ്രസംഗത്തിൽ പറയുകയും പ്രവൃത്തിയിൽ നിഷേധിക്കുകയും ചെയ്യുന്ന സംസ്കാരമാണ് തുടരുന്നത്. നെൽകൃഷിയുള്ള പഞ്ചായത്തിൽ ഒന്നാന്തരം ഗോഡൗണുകൾ ഉണ്ടാക്കണമെന്ന് കുട്ടനാട് പാക്കേജിൽ പറഞ്ഞിരുന്നു. എന്നാൽ, ചെലവഴിച്ച പണത്തിൽനിന്ന് ഒരു ഗോഡൗണും ഉണ്ടാക്കിയിട്ടില്ല. 20ാം നൂറ്റാണ്ടിൽ പട്ടിണിക്കെതിരെ പോരാടിയ ഇതിഹാസമായ സ്വാമിനാഥന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ടെന്നും സുധകരൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.