സ്കൂളിൽ നിന്ന് അരിമോഷണം: നാല് അധ്യാപകർക്ക് സസ്പെൻഷൻ
text_fieldsമലപ്പുറം: മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു. കണക്കിൽപെടാത്ത അരി സ്കൂളിൽനിന്ന് മറിച്ചുവിൽക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ.
രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകൾ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
എം.എസ്.എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ വിദ്യാർഥി സംഘടനകൾ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. സ്‌കൂളിൽനിന്ന് അധ്യാപകന്റെ നേതൃത്വത്തിൽ രാത്രി അരി കൊണ്ടുപോകുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മൊറയൂർ പഞ്ചായത്തംഗം കെ. അസൈനാർ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നൽകുകയും ചെയ്തു.
അരി കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ഭക്ഷ്യകമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.