റിദാൻ ബാസിൽ വധം: ഒന്നാം പ്രതിയുടെ സഹോദരനും അറസ്റ്റിൽ
text_fieldsനിലമ്പൂർ: എടവണ്ണ ചെമ്പകുത്ത് സ്വദേശി അറയിലകത്ത് റിദാൻ ബാസിലിനെ വെടിവെച്ചു കൊന്ന കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷാനിന്റെ സഹോദരനും അറസ്റ്റിൽ. എടവണ്ണ മുണ്ടേങ്ങര കൊളപ്പാടൻ മുഹമ്മദ് നിസാമാണ് (32) അറസ്റ്റിലായത്. മുഹമ്മദ് ഷാനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ആറുപേർ അറസ്റ്റിലായി. കൊല്ലപ്പെട്ട റിദാന്‍റെ സുഹൃത്തുക്കളാണ് മുഴുവൻ പ്രതികളും.
റിദാൻ കൊല്ലപ്പെടുമ്പോൾ കൊരട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് നിസാം തവനൂർ സെൻട്രൽ ജയിലിലായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജയിൽവാസം. വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, ആയുധം കൈവശം വെക്കൽ, മണൽക്കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മേയ് ആറിനാണ് ഇയാൾ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
രാസലഹരി കേസിൽ ജയിലിലായിരുന്ന റിദാനെ ജാമ‍്യത്തിലിറക്കിയത് നിസാം ഇടപെട്ടാണ്. ഡൽഹിയിൽനിന്ന് തോക്ക് വാങ്ങാൻ സഹോദരൻ ഷാന് പണം സംഘടിപ്പിച്ചു കൊടുത്തതും നിസാമാണ്. കേസിൽ നേരത്തേ അറസ്റ്റിലായ അനസ് തോക്ക് വാങ്ങാനുള്ള പണം മുഹമ്മദ് ഷാന് നൽകിയത് നിസാമിന്റെ നിർദേശപ്രകാരമാണ്.
ഏപ്രിൽ 22ന് രാവിലെ എട്ടോടെയാണ് റിദാൻ ബാസിലിനെ വീടിനു സമീപത്തെ കുന്നിൻമുകളിൽ വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. കൂടുതൽ പേരെ പൊലീസ് ചോദ്യംചെയ്തു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.