ഹൃദയം നുറുങ്ങുന്ന വേദനയിൽ കാക്കൂർ; റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടി തുടങ്ങി
text_fieldsകാക്കൂർ (കോഴിക്കോട്): രണ്ടുമാസം മുമ്പ് മണ്ണോട് ചേർത്തുവെച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം.
മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, ഫോറൻസിക് മേധാവി ഡോ. ലിസ, എ.ഡി.എം ചെൽസാ സിനി, താമരശ്ശേരി ഡി.വൈ.എസ്.പി.ടി.കെ അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഹൃദയം നുറുങ്ങുന്ന വേദനയിൽ ബന്ധുക്കളും ജന്മനാടായ കാക്കൂരിലെ നാട്ടുകാരും ഖബർസ്ഥാൻ പരിസരത്തുണ്ട്.
ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമില്ല. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ 8 മണിയോടെ പൊലീസുകാർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്തിരുന്നു.
ദുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തിയ റിഫയെ ഇക്കഴിഞ്ഞ മാർച്ച് മൂന്നിനാണ് പാവണ്ടൂരിൽ ഖബറടക്കിയത്. മാര്‍ച്ച് ഒന്നിന് രാത്രിയായിരുന്നു ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍വെച്ച് റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം നേരത്തേ ആരോപിച്ചിരുന്നു. ഖബറടക്കാൻ തിടുക്കം കൂട്ടിയതും കുടുംബത്തിന് സംശയം ജനിപ്പിച്ചിരുന്നു. പൊലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് പിതാവ് റാഷിദ് അറിയിച്ചിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നാസിന് എതിരെ തങ്ങളുടെ പക്കല്‍ തെളിവുണ്ട്. ഭര്‍ത്താവിന്റെ സുഹൃത്ത് ജംഷാദിനും മരണത്തില്‍ പങ്കുണ്ട്. മെഹ്നാസ് പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. പൊലീസ് ഇവരെ ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.
റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്‌ളോഗിങ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങൾ. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
രണ്ട് മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ഒട്ടേറെ സ്വപ്നങ്ങൾ റിഫയുടെ മനസ്സിലുണ്ടായിരുന്നു. ബന്ധുവീട്ടിൽ കഴിയുന്ന ബാപ്പയുടെയും ഉമ്മയുടെയും അവസ്ഥക്ക് പരിഹാരം കണ്ടെത്തണമെന്ന് കുടുംബങ്ങളുമായി പങ്കുവെക്കുമായിരുന്നു.
ദുബൈയിലെ കരാമയിൽ പർദ ഷോറൂമിലായിരുന്നു റിഫക്ക് ജോലി. ഇതിനിടെ ഇൻസ്റ്റ ഗ്രാമിലൂടെ പരിചയപ്പെട്ട നീലേശ്വരത്തെ മെഹനാസിനെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.