നവജാത ശിശുവിന്‍റെ വലതുകൈക്ക് ചലനശേഷി നഷ്ടമായി; ആശുപത്രിക്കെതിരെ വീണ്ടും പരാതി
text_fieldsആലപ്പുഴ: അസാധാരണ വൈകല്യത്തിൽ കുഞ്ഞ് പിറക്കാനിടയായ സംഭവത്തിൽ ആരോപണം നേരിടുന്ന കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെ വീണ്ടും പരാതി. ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തൻപുരയ്ക്കൽ ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെൺകുഞ്ഞിന്‍റെ വലതുകൈയുടെ ചലനശേഷിയാണ് ഇല്ലാതായത്.
കഴിഞ്ഞ ഒക്ടോബർ രണ്ടിന് വാക്വം ഡെലിവറിയിലൂടെ ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിന് മാതാവ് പരാതി നൽകി. നിലവിൽ ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയിൽ പറയുന്നു.
പ്രസവത്തിനായി സെപ്റ്റംബർ 29നാണ് ആശുപത്രിയിൽ അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണം. രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികത്സ നൽകാൻ ഓട്ടോ ഡ്രൈവറായ പിതാവിന്‍റെ കൈയിൽ പണമില്ല. ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസ്സുകാരന്‍റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തിൽ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണിത്. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ വാർഡ് ചിറപ്പറമ്പ് വിഷ്ണുദാസ്-അശ്വതി ദമ്പതിമാരുടെ മകൻ വിഹാൻ വി. കൃഷ്ണയുടെ വലതുകൈയുടെ സ്വാധീനമാണ് നഷ്ടമായത്. 2023 ജൂലൈ മൂന്നിനായിരുന്നു കടപ്പുറം വനിത-ശിശു ആശുപത്രിയിൽ അശ്വതി കുഞ്ഞിന് ജന്മംനൽകിയത്. വാക്വം ഡെലിവറിയിലെ പിഴവാണെന്ന് കാണിച്ച് നൽകിയ പരാതി മെഡിക്കൽ ബോർഡ് പരിശോധിക്കുന്നതിനിടെയാണ് പുതിയ ആരോപണം വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.