ലോക്സഭയിൽ വലത്തോട്ടും നിയമസഭയിൽ ഇടത്തോട്ടും
text_fieldsതിരുവമ്പാടി: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന ജില്ലയിലെ ഏക നിയമസഭ മണ്ഡലമാണ് തിരുവമ്പാടി. വയനാട് മണ്ഡലം രൂപവത്കൃതമായ 2009 മുതൽ കഴിഞ്ഞ മൂന്നു തവണയും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തിരുവമ്പാടി യു.ഡി.എഫിനൊപ്പമാണ്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ചിത്രം മറിച്ചാണ്. 2011ൽ യു.ഡി.എഫ് ജയിച്ച മണ്ഡലത്തിൽ 2016ലും 2021ലും ഇടതുപക്ഷം മേൽക്കൈ നേടി.
2009ലും 2014ലും ലോക്സഭയിലേക്ക് യു.ഡി.എഫിലെ എം.ഐ. ഷാനവാസിന് വ്യക്തമായ ലീഡ് നൽകിയ തിരുവമ്പാടി 2019ൽ രാഹുൽ ഗാന്ധി പ്രഭാവത്തിൽ 54,471 വോട്ടിന്റെ ഭൂരിപക്ഷം നൽകി. സി.പി.എം അംഗങ്ങളുടെ വോട്ടുകൾ വരെ 2019ൽ രാഹുൽ ഗാന്ധിക്ക് മറിഞ്ഞെന്നാണ് ഇടതുമുന്നണി വിലയിരുത്തിയത്. ഇക്കുറി സി.പി.ഐ ദേശീയ നേതാവായ ആനി രാജയെ കളത്തിലിറക്കി കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയെ ഇടതുപക്ഷം പോരിനിറക്കി.
ഇടതുപക്ഷത്തിന്റെ ദേശീയ മുഖമായ ആനി രാജയുടെ മികവിൽ നേട്ടമുണ്ടാക്കാമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. മണ്ഡലത്തിലുണ്ടാകുന്ന ജനപ്രതിനിധിയാകുമെന്ന വാഗ്ദാനമാണ് ആനി രാജ നൽകുന്നത്. ഇന്ത്യയെ വീണ്ടെടുക്കാനുള്ള ദൗത്യത്തിലെ മുന്നണിപ്പോരാളിയായാണ് രാഹുൽ ഗാന്ധിയെ യു.ഡി.എഫ് അവതരിപ്പിക്കുന്നത്.
1977ൽ നിലവിൽ വന്ന തിരുവമ്പാടി മണ്ഡലത്തിൽ കാർഷിക പ്രശ്നങ്ങൾ ചർച്ചയാക്കാനാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. കാർഷിക വിളകളുടെ വിലത്തകർച്ചയും വന്യമൃഗങ്ങളുടെ ആക്രമണവും പ്രധാന വിഷയമാണ്. മണ്ഡലത്തിലെ ഏഴു തദ്ദേശ സ്ഥാപനങ്ങളിൽ മുക്കം നഗരസഭയും കൂടരഞ്ഞി ഗ്രാമപഞ്ചായത്തുമാണ് ഇടതുപക്ഷം ഭരിക്കുന്നത്. മറ്റ് അഞ്ചു ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫ് ഭരണത്തിലാണ്.
ത്രിതല പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ വോട്ട് നിലയാണ് ലോക്സഭ തെരഞ്ഞെടുപ്പുകളിൽ തിരുവമ്പാടി കാണിക്കാറുള്ളത്. കർഷക സമ്മർദ ഗ്രൂപ്പുകൾ മണ്ഡലത്തിൽ ചില തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി 7,761 വോട്ടാണ് മണ്ഡലത്തിൽ നേടിയത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 7,794 വോട്ട് എൻ.ഡി.എക്ക് ലഭിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ എൻ.ഡി.എ. 2021ൽ നിയമസഭയിലേക്ക് മത്സരിച്ച വെൽഫയർ പാർട്ടി സ്ഥാനാർഥി രാജു പുന്നക്കൽ 3500 വോട്ട് നേടിയിരുന്നു.
2014, 2019 വർഷങ്ങളിൽ ലോക്സഭ തെരഞ്ഞെടുപ്പുകളിൽ എസ്.ഡി.പി.ഐ മണ്ഡലത്തിൽ 900ത്തോളം വോട്ട് നേടിയിരുന്നു. കഴിഞ്ഞതവണത്തെ അരലക്ഷത്തിലേറെയുള്ള ലീഡ് വീണ്ടും ഉയർത്താൻ യു.ഡി.എഫും, യു.ഡി.എഫ് ഭൂരിപക്ഷത്തിൽ എങ്ങനെയും വിള്ളലുണ്ടാക്കാൻ എൽ.ഡി.എഫും വൻ പ്രചാരണമാണ് തിരുവമ്പാടിയിൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.