വിവരാവകാശ നിയമം; പൊതുവിവരങ്ങൾ പ്രദർശിപ്പിക്കാത്ത ഓഫിസുകൾക്കെതിരെ നടപടി
text_fieldsപാലക്കാട്: സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമം നടപ്പാക്കുന്നതിൽ വൻ വീഴ്ച വരുന്നെന്ന വിലയിരുത്തലിൽ വിവരാവകാശ കമീഷണർമാർ കർശന നടപടിക്കൊരുങ്ങുന്നു.
ഓരോ ഓഫിസുകളുമായി ബന്ധപ്പെട്ട് ശമ്പളമായും പദ്ധതികളായും ചെലവഴിക്കുന്ന പണമുൾപ്പെടെയുള്ള വിവരങ്ങൾ ഓഫിസുകളിൽ ക്രമപ്പെടുത്തി വെക്കാനും വെബ്സൈറ്റ് ഉൾപ്പെടെ പൊതു ഡൊമൈനുകളിൽ പ്രസിദ്ധപ്പെടുത്താനും നിർദേശിച്ച വിവരാവകാശ നിയമം സെക്ഷൻ നാല് (1-ബി) കർശനമാക്കാനുള്ള നടപടികളുടെ ഭാഗമായാണിത്.
2023 ആഗസ്റ്റ് 17ന് സുപ്രീംകോടതി സെക്ഷൻ നാല് (1 -ബി) നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ വീഴ്ച വരുത്തുന്നുണ്ടെന്ന് നിരീക്ഷിക്കുകയും അവ നിർബന്ധമായി പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനം സുപ്രീംകോടതി വിധിയോട് മുഖംതിരിച്ച ഘട്ടത്തിൽ ദേശീയ വിവരാവകാശ കൂട്ടായ്മ സെക്ഷൻ നാല് (1 -ബി) നടപ്പാക്കണമെന്നാവശ്യപ്പെട്ട് നാല് മാസമായി വ്യാപക കാമ്പയിൻ നടത്തിവരുകയാണ്. കൂട്ടായ്മ നടത്തിയ കാമ്പയിന്റെ വിജയമാണ് സുപ്രീംകോടതി വിധിയെന്ന് കാമ്പയിൻ കോഓഡിനേറ്റർ മുജീബ് റഹ്മാൻ പത്തിരിയാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
കാമ്പയിന്റെ ആദ്യഘട്ടം എന്ന നിലയിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സെക്ഷൻ നാല് (1 -ബി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 2000ത്തോളം വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്തിരുന്നു. 95 ശതമാനം സ്ഥാപനങ്ങളിലും വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്നാണ് ലഭിച്ച മറുപടികളിൽനിന്ന് വ്യക്തമാകുന്നത്.
വിവരങ്ങൾ ഓഫിസുകളിൽ ക്രോഡീകരിച്ച് പ്രദർശിപ്പിക്കുന്നുണ്ടോ എന്നും പബ്ലിക് ഡൊമൈനിൽ ലഭ്യമാക്കുന്നുണ്ടോ എന്നും പരിശോധിക്കുമെന്ന് വിവരാവകാശ കമീഷൻ അധികൃതർ അറിയിച്ചു. വീഴ്ചവരുത്തുന്നവർക്കെതിരെ പിഴ ചുമത്തുമെന്നും അറിയിച്ചു.
എന്താണ് സെക്ഷൻ നാല് (1-ബി)
പൊതു അധികാര സ്ഥാപനങ്ങളുടെ ഘടനയും ചുമതലയും ഉദ്യോഗസ്ഥരുടെ കർത്തവ്യങ്ങളും അവർ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയയിൽ പാലിക്കേണ്ട നടപടികളും വിശദമായി സ്വമേധയാ പ്രസിദ്ധീകരിക്കണം എന്നാണ് സെക്ഷൻ നാല് (1-ബി) വിശദീകരിക്കുന്നത്. മേൽ വിവരങ്ങൾ പബ്ലിക് ഡൊമൈനിൽ/ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും നിഷ്കർഷിക്കുന്നു. നിയമം നടപ്പിൽ വരുത്തി 120 ദിവസത്തിനുള്ളിൽ ഇക്കാര്യങ്ങൾ പൂർത്തിയാക്കണം.
ഓരോ ഓഫിസുകളുമായി ബന്ധപ്പെട്ട് ശമ്പളമായും പദ്ധതികളായും ചെലവഴിക്കുന്ന പണവുമായി ബന്ധപ്പെട്ട ബജറ്റും കണക്കുകളും പ്രസിദ്ധപ്പെടുത്തണം. കാലാകാലങ്ങളിൽ വിവരങ്ങൾ പുതുക്കണം. അവ പൊതു അധികാരസ്ഥാപനങ്ങളിൽപ്രദർശിപ്പിക്കണമെന്നും ചട്ടം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.