വിവരാവകാശ നിയമം; പകര്‍പ്പുകള്‍ക്ക് ഒറിജിനലിന്റെ ഫീസ് നിയമവിരുദ്ധം
text_fieldsകൽപറ്റ: വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ആവശ്യപ്പെടുന്ന രേഖകളുടെയും സര്‍ക്കാര്‍ ഫയലുകളുടെയും പകര്‍പ്പുകള്‍ നല്കുമ്പോള് ഒറിജിനലിന്റെ ഫീസ് വാങ്ങരുതെന്ന് വിവരാവകാശ കമീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമ പ്രകാരം അപേക്ഷകന് ആവശ്യപ്പെടുന്നത് പുതിയ സര്ട്ടിഫിക്കറ്റുകളല്ലെന്നും നിലവിലുള്ളവയുടെ പകര്‍പ്പാണെന്നും കമീഷന് വ്യക്തമാക്കി. പകര്‍പ്പ് നല്‍കുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസല്ലാതെ മറ്റൊന്നും ഈടാക്കാന്‍ പാടില്ല. റവന്യൂ, രജിസ്ട്രേഷന് വകുപ്പുകളില്‍ രേഖാ പകര്‍പ്പുകള്‍ക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് വാങ്ങുന്നതായി കമീഷന് പരാതി ലഭിച്ച സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശം.
ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കിന്റെ ഒറിജിനല്‍ തയാറാക്കുന്നതിനുള്ള ഫീസ് പകര്‍പ്പിനും നല്‍കണമെന്ന് പറയുന്നത് നിയമവിരുദ്ധമാണ്. പൊതുഭരണ വകുപ്പിറക്കിയ സര്‍ക്കുലര്‍ 24 വിവരാവകാശ നിയമത്തിനെതിരാണെന്ന് ഹൈകോടതി ഉത്തരവുണ്ട്. കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട വിദ്യാർഥിയോട് യൂനിവേഴ്സിറ്റി നിശ്ചയിച്ച ഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് കൊടുക്കേണ്ടതില്ലെന്ന് കമീഷന് ഉത്തരവിട്ടു. കമീഷൻ ഉത്തരവ് ഹൈകോടതി ശരിവെച്ചു. വിവരാവകാശ അപേക്ഷകള്‍ക്ക് നിയമത്തില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങാനും ഉത്തരവിടാനും ആർക്കും അധികാരമില്ലെന്നും കമീഷണര്‍ വ്യക്തമാക്കി. സിറ്റിങ്ങില്‍ 18 ഫയലുകള്‍ പരിഗണിച്ചു. ഇതില്‍ 15 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്ത സിറ്റിങ്ങില്‍ തുടര്‍ നടപടിക്കായി മാറ്റി.
കലാലയങ്ങളില്‍ ആർ.ടി.ഐ ക്ലബുകള്‍ ആരംഭിക്കും
കൽപറ്റ: പൊതു ജനങ്ങള്‍ക്കുള്ള അജ്ഞത പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കലാലയങ്ങളില്‍ ആര്‍ടി.ഐ ക്ലബുകള്‍ ആരംഭിക്കും. ജില്ലയില്‍ ആര്.ടി.ഐ ക്ലബുകളുടെ പ്രവര്‍ത്തനം പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ആരംഭിക്കും.
ജില്ല ഭരണകൂടവുമായി സഹകരിച്ച് വര്‍ക്ക് ഷോപ്പുകളും സംഘടിപ്പിക്കുമെന്ന് കമീഷണര്‍ അറിയിച്ചു.
ആർ.ടി.ഐ ക്ലബ് അംഗങ്ങൾ നിയമ പഠനത്തിന് ചേർന്നാൽ സംസ്ഥാന വിവരാവകാശ കമീഷൻ ആസ്ഥാനത്ത് അവർക്ക് ഇൻറേൺ ഷിപ്പും നൽകും. സാധാരണക്കാരന് നീതിയും സത്യസന്ധവുമായ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള കോടതിയാണ് വിവരാവകാശ കമീഷനെന്ന് ഡോ. എ. അബ്ദുല്‍ ഹക്കീം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.