കേരള ബാങ്കിന് ഇനി വിവരാവകാശനിയമം ബാധകം
text_fieldsതിരുവനന്തപുരം: കേരള ബാങ്കിന്‍റെ സംസ്ഥാന ഓഫിസിനെയും 14 ജില്ല ബാങ്കുകളെയും ശാഖകളെയും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷൻ ഉത്തരവായി. കേരള ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പ തിരിച്ചടവ് സംബന്ധിച്ച തർക്കത്തിൽ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകൾ ബാങ്ക് പുറത്തുവിടാതിരുന്നതിനെ തുടർന്നാണ് ഉത്തരവ്.
രേഖകൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ചാരുമ്മൂട് പൂക്കോയ്ക്കൽ വി. രാജേന്ദ്രൻ ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ വിവരാവകാശ നിയമം കേരള ബാങ്കിന് ബാധകമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെതിരെയുള്ള ഹരജി പരിഗണിച്ച വിവരാവകാശ കമീഷൻ ബാധകമല്ലെന്ന് പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുധ്യമാണെന്ന് കണ്ടെത്തി.
സംസ്ഥാന സർക്കാർ ഉത്തരവിലൂടെ നിലവിൽ വന്ന കേരള ബാങ്കിന്‍റെ പ്രവർത്തനം സംബന്ധിച്ച് അറിയാൻ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കിമിന്‍റെ ഉത്തരവിൽ വ്യക്തമാക്കി. ആകെ 2159 കോടി മൂലധനമുള്ള, അതിൽ സർക്കാറിന്‍റെ 906 കോടി രൂപ ഓഹരിയുള്ള, 400 കോടിരൂപ സർക്കാറിന്‍റെ അധിക മൂലധനമുള്ളതുമായ കേരള ബാങ്കിന്‍റെ പ്രവർത്തനം പൗരൻ അറിയണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.