വിവരാവകാശ കമീഷൻ ഉത്തരവ് സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും നിയമ പരിധിയിൽ
text_fieldsതിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളും വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് വിവരാവകാശ കമീഷൻ ഉത്തരവ്. മലപ്പുറം ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട അപ്പീൽ തീർപ്പാക്കിയുള്ള ഉത്തരവിലാണ് കമീഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകൾ വിവരാവകാശ നിയമത്തിലെ രണ്ട് എഫിന്റെ പരിധിയിൽ വരുമെന്നാണ് കമീഷന്റെ കണ്ടെത്തൽ. എന്തൊക്കെയാണ് ‘വിവരം’ എന്ന വാക്കിന്റെ നിർവചനത്തിൽ ഉൾക്കൊള്ളുന്നതെന്നാണ് നിയമത്തിലെ രണ്ട് എഫിൽ പരാമർശിക്കുന്നത്. പബ്ലിക് അതോറിറ്റിക്ക് ആവശ്യമെങ്കിൽ റെഗുലേറ്ററി അധികാരം ഉപയോഗിച്ച് സ്വകാര്യ ശേഖരത്തിലുള്ള വിവരം എടുക്കാമെന്ന് വ്യവസ്ഥയുണ്ട്.
ഇത് സ്വകാര്യ ആശുപത്രികളിലെ ചികിത്സ രേഖകളുടെ കാര്യത്തിൽ ബാധകമാണെന്നാണ് ഉത്തരവിലെ നിരീക്ഷണം. വിവരം ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ ചികിത്സ രേഖ ലഭ്യമാക്കണം. അതാത് ജില്ലകളിലുള്ള ഡി.എം.ഒ ഓഫിസിലെ ഇൻഫർമേഷൻ ഓഫിസറാണ് അപലറ്റ് അധികാരി. വിവരാവകാശ പരിധിയിൽ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടുമെന്ന് 2015ൽ തന്നെ കേന്ദ്ര വിവരാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും നടപ്പായിരുന്നില്ല.
കേന്ദ്ര വിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാര്യയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സ രേഖകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടുമെന്ന് 2015 മേയിൽ വിധി പറഞ്ഞത്. കൃത്രിമം തടയാന്‍ അതാതു ദിവസം തന്നെ ചികിത്സരേഖകൾ രോഗികൾക്ക് നൽകാൻ ആശുപത്രികൾക്ക് ചുമതലയുണ്ടെന്നും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടിയെടുക്കണമെന്നും കേന്ദ്ര വിവരാവകാശ കമീഷണര്‍ നിർദേശം നൽകിയിരുന്നു.
നിയമസാധുതയിൽ ആശയക്കുഴപ്പം
സ്വകാര്യ ആശുപത്രികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽപെടുത്തി കമീഷൻ ഉത്തരവിറക്കിയെങ്കിലും ഇതിന്റെ സാധുതയിൽ ആശയക്കുഴപ്പം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിലെ വിവിധ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർവകലാശാലകൾ, തദ്ദേശസ്ഥാപനങ്ങൾ, സർക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയേ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരൂ.
സ്വകാര്യ സ്ഥാപനങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നില്ലെന്നിരിക്കെ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളെ വിവരാവകാശ പരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് ഒരു വിഭാഗം നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.