വിവരാവകാശം: മറുപടി വൈകിയതിന് ഉദ്യോഗസ്ഥക്ക് 25,000 രൂപ പിഴ
text_fieldsകൊച്ചി : വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയും തെറ്റായ മറുപടി നൽകുകയും ചെയ്ത വിവരാവകാശ ഓഫിസർക്ക് സംസ്ഥാന വിവരാവകാശ കമീഷണർ 25,000 രൂപ പിഴ ചുമത്തി. തൃപ്പൂണിത്തുറ നഗരസഭ വിവരാവകാശ ഓഫിസറും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ടി.എ. അമ്പിളിയെയാണ് ശിക്ഷിച്ചത്.
ഇരുമ്പനം സ്വദേശി സി.ബി. അശോകനാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. നിയമം അനുശാസിക്കുന്ന 30 ദിവസത്തിന് പകരം 144 ദിവസം എടുത്താണ് വിവരം നൽകിയതെങ്കിലും മറുപടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിവരാവകാശ കമീഷ്ണർ ഡോ. കെ.എൽ. വിവേകാനന്ദനാണ് പിഴശിക്ഷ വിധിച്ചത്.
തൃപ്പൂണിത്തുറ നഗരസഭയിലെ പതിനാറാം വാർഡിൽ ജെ.ആർ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കൈപ്പഞ്ചേരി റോഡിന്‍റെ സംരക്ഷണ ഭിത്തിയിൽ ജോയി വർഗീസ് എന്നയാൾക്ക് മതിൽ നിർമിക്കുന്നതിന് നൽകിയ പെർമിറ്റിന്റെയും, ഇതു സംബന്ധിച്ച് അനധികൃത നിർമാണം ആരോപിച്ച് പൊതുജനങ്ങൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ നഗരസഭയുടെ തീരുമാനത്തിന്‍റെയും പകർപ്പുകളാണ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. വിവരങ്ങളും പകർപ്പുകളും 15 ദിവസത്തിനുളളിൽ നൽകേണ്ടതാണെന്ന് കമീഷൻ ഉത്തരവു പുറപ്പെടുവിച്ചിട്ട് ഒന്നര വർഷത്തിനു ശേഷമാണ് ഓഫിസർ മറുപടി നൽകിയത്. ഓഫിസർ പിഴ ട്രഷറിയിൽ അടച്ചു രസീത് കമീഷന് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.