പൊലീസ് നോക്കിനിൽക്കെ റിജിലിനെ തല്ലിച്ചതച്ചു; 'ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കാമെന്ന് കരുതേണ്ട' -VIDEO
text_fieldsകണ്ണൂരിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം -ഡിവൈ.എഫ്ഐ പ്രവർത്തകർ കായികമായി നേരിട്ട സംഭവത്തിൽ പ്രതിഷധം ശക്തമാകുന്നു. സർക്കാർ സംഘടിപ്പിച്ച പരിപാടിക്കെതിരെ ജനാപത്യ രീതിയിൽ നടന്ന പ്രതിഷേധത്തെ അക്രമം കൊണ്ട് നേരിട്ടത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ, വി.ടി ബൽറാം അടക്കം, കണ്ണൂർ ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് നേതാക്കൾ തുടങ്ങിയവരെല്ലാം അക്രമത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
കണ്ണൂർ നഗരത്തിലെ ദിനേശ് ഓഡിറ്റോറിയത്തിൽ നടന്ന 'സിൽവർ ലൈൻ ജനസമക്ഷം' പരിപാടിക്കിടെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നേതാക്കളായ റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകർ വളഞ്ഞിട്ട് പൊതിരെ തല്ലുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ പൊലീസിനൊപ്പം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഡി.വൈ.എഫ്.ഐജില്ലാനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവുഗുണ്ടകളെപ്പോലെ മർദിച്ചെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെ അങ്ങനെ പ്രതിഷേധിച്ചിട്ടുണ്ട്. ആ ഡി.വൈ.എഫ്.ഐയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിട്ടതെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചു. അതേസമയം, പ്രതിഷേധം ആവാമെന്നും എന്നാല്‍ യോഗം നടക്കുന്ന ഹാളുകള്‍ കയ്യേറിയുള്ള പ്രതിഷേധം ജനാധിപത്യപരമല്ലെന്നും മന്ത്രി എം.വി ഗോവിന്ദന്‍ പ്രതികരിച്ചു.
പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി കെ-റയിലിൽ രക്ഷപ്പെടാമെന്ന് കരുതേണ്ടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. പോലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല. ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും -ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. റിജിൽ മാക്കുറ്റിയെ മർദിക്കുന്ന ദൃശ്യവും അദ്ദേഹം പങ്കുവെച്ചു.
ഷാഫി പറമ്പിലിന്‍റെ കുറിപ്പ്:
പൗരപ്രമുഖരുടെ പാർട്ടി ഗുണ്ടാപ്രമുഖരെ വെച്ച് ജനാധിപത്യ പ്രതിഷേധങ്ങളെ തല്ലിയൊതുക്കി പ്രകൃതി-സാമൂഹ്യ -സാമ്പത്തിക ആഘാതങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കൊന്നും ഉത്തരം തരാതെ കെ-റയിലിൽ രക്ഷപ്പെടാമെന്ന കരുതണ്ട.
സിപിഎം 'സോ കോൾഡ് പൗരപ്രമുഖരെ' മാത്രം വിളിച്ച് കൂട്ടി നടത്തുന്ന കെ-റെയിൽ വിശദീകരണ നാടക യോഗത്തിന് സമീപം വിരലിലെണ്ണാവുന്ന യൂത്ത് കോൺഗ്രസ്സ് നേതാക്കന്മാർ നടത്തിയ ജനാധിപത്യ പ്രതിഷേധത്തെ നേരിടുന്ന രീതിയാണിത്. പോലീസ് നോക്കി നിൽക്കെ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഉൾപ്പടെയുള്ള 'ഗുണ്ടാ പ്രമുഖർ' നടത്തുന്ന അഴിഞ്ഞാട്ടമാണ് കേരളത്തെ മുന്നോട്ട് നയിക്കാനുള്ള പാതയെങ്കിൽ, ഈ വണ്ടി അധികം ദൂരം ഓടില്ല .
പണി അറിയാത്ത പോലീസും ഗുണ്ടാപണി മാത്രം അറിയുന്ന പാർട്ടിക്കാരും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉൾപ്പടെയുള്ള നേതാക്കന്മാർക്കെതിരെ നടത്തിയ അക്രമത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു . ഇതിന്റെ പേരിൽ തെരുവിൽ ആളെ കൂട്ടി ഇറങ്ങുവാൻ അറിയാഞ്ഞിട്ടല്ല, നാടിനെ ഓർത്തിട്ടാണ് ചെയ്യാത്തത്.
ഈ അതിക്രമത്തിനെതിരെ കോവിഡ് മാനദണ്ഡങ്ങൽ പാലിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.