റിജിത്ത് വധക്കേസ്: ഒമ്പത് ബി.ജെ.പി പ്രവർത്തകർക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
text_fieldsതലശ്ശേരി: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസിൽ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസിൽ കോടതി കുറ്റക്കാരായി കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. രാവിലെ 11ന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് വിധി പ്രഖ്യാപിക്കുക. ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരായ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 10 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാം പ്രതി കണ്ണപുരം ചുണ്ടയിലെ കൊത്തില താഴെവീട്ടിൽ അജേഷ് വാഹനാപകടത്തിൽ മരിച്ചിരുന്നു.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻ വീട്ടിൽ സുധാകരൻ (57), കോത്തിലതാഴെ വീട്ടിൽ ജയേഷ് (41), ചാങ്കുളത്ത്പറമ്പിൽ രഞ്ജിത്ത് (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടിൽ ഭാസ്കരൻ (67) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ കൊലപാതകം (302), വധശ്രമം (307), അന്യായമായി സംഘംചേരൽ (143), സംഘം ചേർന്ന് ലഹളയുണ്ടാക്കൽ (147), തടഞ്ഞുവെക്കൽ (341), ആയുധം ഉപയോഗിച്ച് പരിക്കേൽപിക്കൽ (324) വകുപ്പുകൾ പ്രകാരം പ്രതികൾ കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ്, 10 പ്രതികൾ ആയുധവുമായി സംഘം ചേർന്നതിന് 148, 149 വകുപ്പ് പ്രകാരം കുറ്റക്കാരാണ്.
2005 ഒക്ടോബർ മൂന്നിന് രാത്രി 7.45ന് കണ്ണപുരം ചുണ്ട തച്ചൻകണ്ടിയാൽ ക്ഷേത്രത്തിനടുത്തുണ്ടായ ആർ.എസ്.എസ് ആക്രമണത്തിലാണ് റിജിത്ത് കൊല്ലപ്പെട്ടത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്കും പരിക്കേറ്റിരുന്നു. വീട്ടിലേക്ക് നടന്നുപോവുമ്പോഴായിരുന്നു ആക്രമണം. കുത്തേറ്റ റിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
വാക്കത്തി, കഠാര, വടിവാൾ, വലിയ കഠാര, സ്റ്റീൽപൈപ്പ് എന്നിവയാണ് കൊലക്ക് ഉപയോഗിച്ചത്. ചോരപുരണ്ട ആയുധങ്ങളും പ്രതികളുടെ വസ്ത്രവും പൊലീസ് കണ്ടെത്തി. വളപട്ടണം സി.ഐ ടി.പി. പ്രേമരാജനാണ് കേസ് അന്വേഷിച്ചത്. 2006 മാർച്ച് 14ന് കുറ്റപത്രം നൽകി. കേസിൽ 28 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും അടയാളപ്പെടുത്തി. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.