പ്രസിഡന്റിനെതിരെ കെ.എസ്.യുവിൽ കലാപക്കൊടി; ചർച്ച ചോർന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ ഭാരവാഹികൾ രാജിവെച്ച് കെ.എസ്.യുവിൽ പുനഃസംഘടനയ്ക്ക് വഴിയൊരുക്കണമെന്ന ആവശ്യം ശക്തം. ഈ വിഷയത്തിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ വിവരങ്ങൾ ചോർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. അബ്ദുൽ റഷീദ്, കൊല്ലം ജില്ല അധ്യക്ഷൻ വിഷ്ണു വിജയൻ എന്നിവർ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെടുന്ന ഭാഗങ്ങളാണ് ചോർന്നത്.
പ്രതിപക്ഷനേതാവിന്റെ സ്റ്റാഫ് കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, പത്തനംതിട്ട ജില്ല പ്രസിഡന്റ് അൻസാർ തുടങ്ങിയവർ പ്രസിഡന്റ് മുന്നോട്ടുവെച്ച പുനഃസംഘടന മാനദണ്ഡങ്ങളെ എതിർത്തു. കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് ഒരു ഇടപെടലും നടത്തിയില്ലെന്ന് പ്രവർത്തകർ പരസ്യമായി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചതിനെകുറിച്ച് തുടങ്ങിയ ചർച്ചയാണ് കാലാവധി കഴിഞ്ഞ പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ച് പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ആവശ്യത്തിലേക്കെത്തിയത്.
രണ്ടുവർഷമാണ് കെ.എസ്.യു കമ്മിറ്റിയുടെ കാലാവധി. എന്നാൽ അഞ്ചുവർഷമായിട്ടും പുനഃസംഘടന നടത്താതെ ഏതുവിധേനയും കടിച്ചുതൂങ്ങാനാണ് പ്രസിഡന്റ് കെ.എം. അഭിജിത്ത് ശ്രമിക്കുന്നതെന്ന് വിഷ്ണു വിജയൻ വിമർശിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരെയും സെനറ്റ് അംഗങ്ങളെയും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കില്ലെന്ന് പറയുന്നത് പ്രവർത്തന പാരമ്പര്യമില്ലാത്ത അടുപ്പക്കാരായ കടലാസ് ഭാരവാഹികളെ നിയമിക്കാനുള്ള പ്രഡിഡന്റിന്റെ ശ്രമമാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന ഭാരവാഹികളായ ടിനു പ്രേം, എ.എ. അജ്മൽ എന്നിവർ പറഞ്ഞു. സംസ്ഥാന അധ്യക്ഷനോടുള്ള ഭാരവാഹികളുടെ ഉൾപ്പെടെ താൽപര്യക്കുറവ് വ്യക്തമാക്കുന്നതാണ് ഔദ്യോഗിക ഗ്രൂപ്പിൽ നടക്കുന്ന ചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.