‘പിണറായി വിജയൻ ആരുടെ പി.ആർ ഏജൻസിയാണ്?’ -രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗത്തിന്‍റെ രിസാല വാരിക
text_fieldsമലപ്പുറം: മലപ്പുറം പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം സുന്നി യുവജന വിഭാഗത്തിന്‍റെ രിസാല വാരിക. എസ്.എസ്.എഫ് പ്രസിദ്ധീകരണമായ രിസാലയുടെ പുതിയ ലക്കത്തിൽ ‘പിണറായി വിജയൻ ആരുടെ പി.ആർ ഏജൻസിയാണ്?’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വിമർശനം.
മലപ്പുറം, സ്വർണക്കടത്ത്, ഒരുപ്രത്യേക മതവിഭാഗം, പി.ആർ. ഏജൻസി, ഭൂരിപക്ഷ വർഗീയത-ന്യൂനപക്ഷ വർഗീയത എന്നിവയാണ് രിസാല വിശകലനം ചെയ്യുന്നു. സി.പി.എമ്മിന്റെ നയവ്യതിയാനത്തെ കുറിച്ച് വിമർശിക്കുന്നതോടൊപ്പം ഇടതുസർക്കാറിന്റെ പൊലീസ് നയത്തെയും ആർ.എസ്.എസ് -എ.ഡി.ജി.പി കൂടിക്കാഴ്ചയെയും മലപ്പുറം ജില്ലയെ ക്രിമിനൽ കേസുകളുടെ ഹബ്ബാക്കാനുള്ള ഗൂഢാലോചനയെ കുറിച്ചും രൂക്ഷമായ പരാമർശങ്ങൾ നടത്തുന്നു.
നമ്മൾ പഠിച്ച പരിചയിച്ച സി.പി.എം ഇങ്ങനെയൊന്നുമായിരുന്നില്ല. അതീവ ഗൗരവമായ ഒരു വിഷയത്തിൽ രാഷ്ട്രീയ നിലപാടും പരിഹാരവും പ്രഖ്യാപിക്കാനാവാതെ മാളത്തിലൊളിക്കുന്ന സി.പി.എം അപൂർവ കാഴ്ചയാണെന്നും വാരിക വിമർശിക്കുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ താത്കാലിക ലാഭത്തിനു പിറകെ പോയാൽ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാൻ എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.
പി.വി. അൻവറിന് മാനസിക പിന്തുണ
പി.വി. അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് കാന്തപുരം വിഭാഗം നേരത്തെ തന്നെ മാനസിക പിന്തുണ നൽകിയിരുന്നു. മലപ്പുറത്തെ കുറിച്ച മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പ്രസ്താവന വന്നതോടെ കാന്തപുരം വിഭാഗത്തിന്റെ രാഷ്ട്രീയ നിലപാടുകൾ പറയുന്ന കേരള മുസ്‌ലിം ജമാഅത്ത് ഇതിനെതിരെ ശക്തമായി രംഗത്തു വന്നു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വരെ സി.പി.എമ്മിനെ അനുകൂലിക്കുന്ന സമീപനമായിരുന്നു കാന്തപുരം വലഭാഗത്തിന്റേത്. അൻവർ ഉയർത്തിയ രാഷട്രീയവിവാദങ്ങളിൽ സി.പി.എമ്മിന് ആഘാതം വരുന്നത് സാമ്പ്രദായികമായി കൂടെ നിന്ന സംഘടനകൾ അകന്നുപോയി എന്നതാണ്. അൻവറിന്റെ രാഷട്രീയപാർട്ടിക്കും കാന്തപുരം വിഭാഗം സുന്നികളുടെ പിന്തുണയുണ്ട് എന്നാണ് ലഭിക്കുന്ന സൂചനകൾ.
അതേസമയം, കാന്തപുരം വിഭാഗം ഭരണം നോക്കി രാഷ്ട്രീയ പിന്തുണ മാറിമാറി പ്രഖ്യാപിക്കുന്നവരാണെന്ന വിമർശനമുന്നയിക്കുന്നവരുമുണ്ട്. യു.ഡി.എഫിനോടടുക്കുന്നതിന്റെ ഭാഗമാണ് നിലവിലെ രംഗപ്രവേശം എന്ന് വിലയിരുത്തുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.