അഞ്ച് വർഷം, എട്ട് ലക്ഷം സിസേറിയൻ; കുറയാതെ മാതൃമരണ നിരക്ക്
text_fieldsതൃശൂർ: സംസ്ഥാനത്ത് സിസേറിയൻ പ്രസവങ്ങളുടെ എണ്ണത്തിൽ വൻ കുതിപ്പ്. കഴിഞ്ഞ അഞ്ചുവർഷം നടന്ന സിസേറിയൻ പ്രസവങ്ങൾ -7,97,718. സ്വാഭാവിക പ്രസവങ്ങളാകട്ടെ 11.43 ലക്ഷം. സർക്കാർ ആശുപത്രികളടക്കം വൻ കുതിപ്പ് ഉണ്ടായെന്ന് ഔദ്യോഗിക രേഖകൾ.
പല സ്ത്രീകളുടെയും ആദ്യ പ്രസവംപോലും സിസേറിയനാക്കാൻ ചില ആശുപത്രികൾ സമ്മർദം ചെലുത്തുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ വിവരാവകാശ ചോദ്യങ്ങൾക്ക് വിവരം ലഭ്യമല്ലെന്നായിരുന്നു ഡയറക്ടറുടെ ഓഫിസിൽനിന്നുള്ള മറുപടി. സിസേറിയൻ പ്രസവങ്ങളിൽ ആദ്യപ്രസവങ്ങൾ എത്ര ഉണ്ടായിരുന്നു എന്നത് സംബന്ധിച്ചും വിവരം ലഭ്യമല്ല എന്നായിരുന്നു മറുപടി. അനാവശ്യമായി സിസേറിയൻ പ്രസവങ്ങൾ നടത്തുന്നു എന്ന പരാതി ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. 2022ൽ സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ നടന്ന 42.41 ശതമാനം പ്രസവങ്ങളും സിസേറിയനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ അടുത്ത് പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് പ്രസവത്തെത്തുടർന്നുള്ള മാതൃമരണങ്ങളും കുറഞ്ഞിട്ടില്ല. 2010-21 വരെയുള്ള അഞ്ചുവർഷങ്ങളിൽ 741 അമ്മമാരാണ് പ്രസവത്തെത്തുടർന്ന് ജീവൻ വെടിഞ്ഞതെന്നാണ് ഔദ്യോഗിക രേഖകളിലുള്ളത്. സർക്കാർ-സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയാണ് ഈ കണക്ക്. 2017-18 വർഷമാണ് ഏറ്റവും കൂടുതൽ മാതാക്കൾ മരിച്ചത്-181. സർക്കാർ ആശുപത്രികളിൽ മാത്രം എത്ര അമ്മമാർ മരിച്ചു എന്നത് സംബന്ധിച്ച വേർതിരിച്ച കണക്കുകൾ തയാറാക്കിയിട്ടില്ലെന്ന് അധികൃതർ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.
സിസേറിയൻ പ്രസവങ്ങളും മാതാപിതാക്കളുടെ ആരോഗ്യവും സംബന്ധിച്ച് മന്ത്രാലയം സംസ്ഥാനങ്ങളോട് വിവരം തേടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രസവത്തെത്തുടർന്നുള്ള മാതൃമരണങ്ങളും ചർച്ചക്കിടയാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.