എക്സൈസ് കമീഷണർക്ക് വാറ്റുപകരണങ്ങൾ വിറ്റ് ഒാൺലൈൻ വിൽപനശാലകൾ
text_fieldsതിരുവനന്തപുരം: എക്സൈസ് കമീഷണർക്ക് വാറ്റുപകരണങ്ങൾ വിൽക്കുന്ന ഒാൺലൈൻ കച്ചവട തന്ത്രങ്ങളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇനിയതൊരു കേട്ടുകേൾവിയല്ല. സാക്ഷാൽ ഋഷിരാജ് സിങ്ങിെനതന്നെ ‘വാറ്റാൻ’പഠിപ്പിക്കുകയാണ് ഇൻറർനെറ്റ് കച്ചവടക്കാർ. ഓണ്‍ലൈന്‍ വ്യാപാര സെറ്റുകളിലൂടെ ചാരായം വാറ്റാനുള്ള ഉപകരണങ്ങളുടെ വിൽപന തകൃതിയെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് കമീഷണർ സൈറ്റ് പരിശോധിച്ചത്. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്സൈസ് ആസ്ഥാനത്തും ലഭിച്ചിരുന്നു. തുടർന്ന് ചില ഉൽപന്നങ്ങൾക്ക് അദ്ദേഹം നേരിട്ട് ഓഡർ നൽകുകയും കൊറിയറിലൂടെ കൃത്യമായി ഉപകരണം ലഭിക്കുകയും ചെയ്തു. ഉപകരങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയതായി സിങ്ങ് പറയുന്നു.
രാജ്യാന്തര ഓണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോം അടക്കമുള്ള പ്രമുഖ ഓൺലൈൻ സൈറ്റുവഴിയാണ് വ്യാപാരം കൊഴുക്കുന്നത്. ഓരോ ഉപകരണത്തിെൻറയും ഉപയോഗ രീതിയും വിലയും കൃത്യമായി വിവരിക്കുന്നുണ്ട്. വ്യാപാര സൈറ്റുകളില്‍ ലിക്വര്‍ മാനുഫാക്ച്ചറിങ് യൂനിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ വിളിച്ചുവരുത്തി താക്കീത് നൽകിയിട്ടുണ്ട്. ഇതോടെ സൈറ്റുകളിൽനിന്ന് ഇവയുടെ പരസ്യം അപ്രത്യക്ഷമായി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി.
സൈറ്റുകളിൽനിന്ന് ഉപകരണങ്ങൾ വാങ്ങിയവരുടെ വിവരങ്ങൾ പൊലീസ് സൈബര്‍ വിഭാഗത്തിെൻറ സഹായത്തോടെ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. നിലവിലെ നിയമത്തിെൻറ പരിധിയില്‍നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്സൈസിനെ കുഴക്കുന്നത്.
ലഹരി മരുന്നുകളും ഇത്തരത്തിൽ ഓൺലൈൻ വഴി വിൽക്കുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, സൈറ്റുകളിൽനിന്ന് ഓർഡർ ചെയ്ത് വാങ്ങിയ ഗുളികകൾ പരിശോധനക്കയച്ചതിൽ ലഹരിയുടെ അംശം കണ്ടെത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും വാങ്ങുന്നയാളുകളെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വ്യാപാര സൈറ്റുകള്‍ വഴിയുള്ള ഇത്തരം സാധനങ്ങളുടെ വില്പന തടയാന്‍ കേന്ദ്രത്തെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. മദ്യാസക്തി കൂട്ടുന്നുവെന്ന പേരില്‍ ജി.എന്‍.പി.സി ഫേസ്ബുക്ക് കൂട്ടായ്മ ബ്ലോക്ക് ചെയ്യണമെന്ന് എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫേസ്ബുക്ക് ആവശ്യം നിരസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.