സംസ്ഥാനത്ത് പൂർണ മദ്യനിരോധനം സാധ്യമല്ലെന്ന് ഋഷിരാജ് സിങ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പൂർണ മദ്യനിരോധനം സാധ്യമല്ലെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. പ്രായോഗിക രീതിയിലൂടെ മാത്രമേ പല നിയമങ്ങളും ജനാധിപത്യ രാജ്യത്ത് നടപ്പിലാക്കാൻ കഴിയൂ. അത്തരമൊരു നിലപാടാണ് ബാറുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് വകുപ്പിെൻറ ആഭിമുഖ്യത്തിൽ ഗവ. വനിത കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാറുകൾ തുറക്കാനുള്ള സർക്കാറിെൻറ തീരുമാനം പ്രായോഗിക നയത്തിെൻറ ഭാഗമാണ്. ബാറുകൾ അടച്ചിട്ടെന്നും കരുതി സംസ്ഥാനത്ത് മദ്യത്തിെൻറ ഉപയോഗത്തിൽ കുറവ് വന്നിട്ടില്ലെന്നും എക്സൈസ് കമീഷണർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം മൂന്നു ലക്ഷം ലിറ്റർ വ്യാജമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. താൻ ചുമതലയേറ്റ ശേഷം വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് 30,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും 25,000പേരെ ജയിലിലടക്കുകയും ചെയ്തു. ബിഹാറിലും ഗുജറാത്തിലും മദ്യനിരോധനം പ്രഖ്യാപിച്ചിട്ട് എന്ത് സംഭവിച്ചെന്ന് പരിശോധിക്കേണ്ടതാണ്. ഇതര സംസ്ഥാനങ്ങളിൽനിന്ന് പ്രതിദിനം ലക്ഷക്കണക്കിന് വ്യാജമദ്യമാണ് ഇത്തരം സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. ഇതിനോടകം പല വ്യാജമദ്യ ദുരന്തങ്ങളും ഇവിടങ്ങളിൽ ഉണ്ടായി. അത്തരമൊരു സ്ഥിതിവിശേഷം കേരളത്തിലുണ്ടാകുന്നത് ചിന്തിക്കാൻപോലും കഴിയില്ല. ലോകത്ത് ഒരിടത്തും മദ്യനിരോധനമില്ല. ഒറ്റയടിക്ക് നിർത്താതെ ഘട്ടംഘട്ടമായി മാത്രമേ മദ്യത്തിെൻറ ഉപഭോഗം ആളുകളിൽ കുറക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ നിയമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതിൽ സ്ത്രീകൾക്കുള്ള വൈമനസ്യമാണ് സമൂഹത്തിൽ സത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കാനിടയാക്കുന്നത്. സ്വയരക്ഷക്കായി കരാേട്ടയും കളരിപ്പയറ്റും കുങ്ഫുവും പഠിക്കുന്നതിനോടൊപ്പം യാത്രവേളകളിൽ സ്ത്രീകൾ ബാഗുകളിൽ മുളക്-കുരുമുളക് സ്പ്രേകളും കരുതണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.