"അമ്മ’യിലെ ഉടയുന്ന വിഗ്രഹങ്ങൾ
text_fieldsകോഴിക്കോട്: മറ്റെല്ലാ മേഖലകളിലെയും പോലെ സിനിമയിലെയും വിഗ്രഹങ്ങൾ ഉടയുകയാണ്. ഇരകളുടെ പോരാട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ എ.എം.എം.എ (അമ്മ) നേതൃത്വം തന്നെ രാജിവെച്ചു. ദീർഘകാലമായി ആരാധകക്കൂട്ടത്തിനുമുന്നിൽ പലതരം വേഷമിട്ടാടിയ പടുകൂറ്റൻ ബിംബങ്ങൾക്കാണ് ഉലച്ചിൽ തട്ടിയത്. പുറമെനിന്ന് കാര്യമായ പിന്തുണയൊന്നും കിട്ടാതിരുന്നിട്ടും, കീഴടങ്ങാൻ കൂട്ടാക്കാത്ത ഏതാനും സ്ത്രീകളായിരുന്നു പുരുഷാധിപത്യ ലോകത്തിനെതിരായ പോരാട്ടത്തിന് പരസ്യമായി രംഗത്തിറങ്ങിയത്.
നടി ആക്രമിക്കപ്പെട്ടപ്പോൾ യുവ നടന്മാരുടെ ഇടപെടൽ ആണ് ‘അമ്മ’യെ വലച്ചത്. പൃഥ്വീരാജ് ഉൾപ്പെടെയുള്ള ചെറുപ്പക്കാർ ഇരയുടെ പക്ഷത്തു നിലയുറപ്പിച്ചു. അതിനാൽ, ഇരക്കൊപ്പം നിൽക്കുമെന്ന് അമ്മക്ക് വാക്കാൽ പറയേണ്ടിവന്നു. എന്നിട്ട്, വേട്ടക്കാരുടെ പക്ഷത്ത് രഹസ്യമായി നിലയുറപ്പിക്കുകയും ചെയ്തു. 2018 ജൂണിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ‘അമ്മയില്‍ തിരികെ എടുത്തു. സംഘടനക്കെതിരെ നടക്കുന്ന ‘ചെളി വാരിയെറിയല്‍’ അവസാനിപ്പിക്കണമെന്നതായിരുന്നു അന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. ‘2018 ജൂണ്‍ 26ന് ചേര്‍ന്ന പൊതുയോഗത്തിലെ പൊതുവികാരമായിരുന്നു ദിലീപിനെ തിരിച്ചെടുക്കുകയെന്നത്. അത് ജനാധിപത്യമര്യാദയാണ്’ എന്നായിരുന്നു മോഹന്‍ലാലിന്റെ ന്യായം.
2018 ഒക്ടോബറിൽ എറണാകുളം പ്രസ് ക്ലബില്‍ ഡബ്ല്യു.സി.സി അംഗങ്ങൾ ‘അമ്മ’ ഭാരവാഹികളില്‍ നിന്ന് നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ തുറന്നു പറഞ്ഞു. ക്ഷണം കിട്ടിയതിനാലാണ് രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ അമ്മ ഭാരവാഹികളുമായി സംഭാഷണത്തിന് പോയത്. അന്ന് ‘നടിമാര്‍’ എന്ന് വിളിച്ചായിരുന്നു മോഹന്‍ലാല്‍ അഭിസംബോധന നടത്തിയത്. അവരെ സ്ത്രീകൾ എന്ന നിലയിൽ അപമാനിക്കുകയായിരുന്നു ലക്ഷ്യം. അമ്മ എന്ന സംഘനയുടെ സ്വേച്ഛാധികാരത്തെ ചോദ്യം ചെയ്തുവെന്നതായിരുന്നു ഇവർ ചെയ്ത കുറ്റകൃത്യം.
സ്വന്തം സഹപ്രവര്‍ത്തകയാണ് സമാനതകളില്ലാത്ത ക്രൂരതക്ക് വിധേയത്. അവള്‍ക്ക് ‘അമ്മ’യിൽനിന്ന് രാജി വയ്‌ക്കേണ്ടി വന്നു, അവള്‍ക്കൊപ്പം നിന്നവര്‍ക്കും. അതിനുശേഷം അവൾക്കൊപ്പം നിന്നവർക്കെതിരെ അമ്മ അതിന്റെ അധികാരവും സമ്പത്തും ഉപയോഗപ്പെടുത്തി നിശബ്ദരാക്കി. വേട്ടക്കാർക്ക് എതിരായി ശബ്ദിക്കുന്നവർക്ക് മലയാള സിനിമയിൽ നിൽക്കാൻ കഴിയില്ല എന്ന സന്ദേശമാണ് അധികാര കേന്ദ്രങ്ങൾ നൽകിയത്. വനിതകളുടെ ശബ്ദത്തിന് കരുത്തുണ്ടായിരുന്നിട്ടും സിനിമ ലോകത്ത് വലിയ പിന്തുണ ലഭിച്ചില്ല. പണബലമുള്ള താരരാജന്മാരുടെ അധികാരവാഴ്ചക്ക് മുന്നിൽ പലരും മൗനത്തിലായി. എത്രയോ പേരുടെ തൊഴില്‍ നിഷേധിക്കപ്പെട്ടു.
ഹേമ കമീഷൻ ഈ അധികാര കേന്ദ്രങ്ങൾക്ക് നേരെ വലിയ ‘ബോംബാ’ണ് എറിഞ്ഞത്. വനിത കമീഷനിൽ രഹസ്യ മൊഴി നൽകാൻ അവസരം ഒരുക്കിയതിനാൽ ഒരാളല്ല, എത്രയോ പേര്‍ തങ്ങള്‍ നേരിട്ട ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആ രഹസ്യമൊഴികളേക്കാൾ ശക്തമായിട്ടാണ് ഇപ്പോൾ പരസ്യ പ്രതികരണം ഉയരുന്നത്. ബാബുരാജ്, സിദ്ദിഖ്, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു തുടങ്ങി നിരവധി നടന്മാർ പ്രതിക്കൂട്ടിലായി. പലരും സംശയത്തിന്റെ നിഴൽവെളിച്ചത്തിലാണ്.
നടിക്കെതിരായി നടന്നത് സമാനതകളില്ലാത്ത കിരാത ആക്രമണമായിരുന്നു. ആ സംഭവത്തിൽ വേട്ടക്കാർക്കൊപ്പം നിൽക്കാൻ കേരള സമൂഹം തയാറായില്ല. എന്നിട്ടും, ‘അമ്മ’യിലെ സിനിമാക്കാരില്‍ ഭൂരിഭാഗവും ഇരക്കൊപ്പം നിന്നില്ല. ആ പെണ്‍കുട്ടിക്കും അവളുടെ കൂടെ നിന്നവര്‍ക്കും സംഘടന വിട്ട് ഇറങ്ങേണ്ടിയും വന്നു. ലോകസിനിമയില്‍ തന്നെ പരിവര്‍ത്തനത്തിന് കാരണമായ ‘മീ ടു മൂവ്‌മെന്റി’നെ വെറും ഫാഷന്‍ എന്നാക്ഷേപിച്ചയാളാണ് മോഹന്‍ലാല്‍. ‘വാളെടുത്തവർ വാളാൽ’ എന്ന ചൊല്ല് സാർഥകമാക്കുകയാണ് മോഹൻലാലിന്റെയും കൂട്ടരുടെ രാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.