എതിരാളി ഒരുവശത്ത്, സൈബർ ആക്രമണം മറുവശത്ത്; വലഞ്ഞ് സ്ഥാനാർഥികളും നേതാക്കളും
text_fieldsകൊച്ചി: എതിരാളികളെ മാത്രമല്ല, സൈബർ ആക്രമണങ്ങളെയും നേരിടുകയാണ് തൃക്കാക്കരയിലെ മുന്നണി സ്ഥാനാർഥികളും നേതാക്കളും. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് നേതാക്കൾ പരസ്യമായി പറയുമ്പോഴും മറുപടി പറയാതെ ഒരുദിവസം പോലും അണികൾക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്നതാണ് സ്ഥിതി.
തിരക്കഥയെ വെല്ലുന്ന നുണക്കഥകളെ അവഗണിക്കാൻ ഒരു മുന്നണിക്കും കഴിയുന്നില്ല. എതിർ സ്ഥാനാർഥിക്കും നേതാക്കൾക്കുമെതിരെ സൈബർ ആക്രമണങ്ങളും ട്രോളുകളും അഴിച്ചുവിടാൻ പ്രത്യേക സംഘങ്ങൾ എല്ലാ മുന്നണികൾക്കുമുണ്ടുതാനും. എതിർകക്ഷികളുടെ പോസ്റ്റുകൾ നിരീക്ഷിക്കാനും സംഘമുണ്ട്. സ്വന്തം ചേരിയിൽനിന്ന് അനാവശ്യ പോസ്റ്റുകൾ പുറത്തുപോയാൽ ഉടൻ പിൻവലിക്കാനും ഈ സംഘം സജ്ജമാണ്.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടത്, വലത് മുന്നണി സ്ഥാനാർഥികളുടെ പഴയകാല പ്രസ്താവനകളും ടി.വിയിലും പൊതുവേദിയിലും അവർ അവതരിപ്പിച്ച നിലപാടുകളും മറ്റുമാണ് സൈബർ സംഘങ്ങൾക്ക് വിഷയമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍റെയും വിവാദ പരാമർശങ്ങൾക്കൊപ്പം പഴയകാല പ്രസ്താവനകളും പ്രചരിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങളാണ് സ്ഥാനാർഥികളുടെയും നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്.
സാധാരണ വോട്ടർമാർ ഇത്തരം പ്രചാരണങ്ങൾ വിശ്വസിക്കുന്നുവെന്നും എത്ര വിശദീകരിച്ചാലും സത്യം മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും മണ്ഡലത്തിൽ പ്രചാരണ രംഗത്തുള്ള ഒരു ഉന്നത നേതാവ് 'മാധ്യമ'ത്തോട് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം സൈബർ ആക്രമണങ്ങൾ പതിവാണെങ്കിലും ഉപതെരഞ്ഞെടുപ്പായതിനാൽ പ്രചാരണങ്ങൾക്ക് തീവ്രത കൂടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.