റിവർ മാനേജ്മെൻറ് ഫണ്ട്: സർക്കാറിന് 5.12 കോടി നഷ്ടം
text_fieldsകൊച്ചി: റിവർ മാനേജ്മെൻറ് ഫണ്ട് ചെലവഴിച്ചതിൽ 5.12 കോടി സർക്കാറിന് നഷ്ടമുണ്ടായെന്ന് ധനകാര്യ പരിശോധനവിഭാഗം റിപ്പോർട്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, എറണാകുളം, കൊല്ലം, മലപ്പുറം ജില്ലകളിലെ ഒമ്പത് പാലം നിർമാണത്തിന് 2015ൽ പ്രോജക്ട് തയാറാക്കുമ്പോൾ 23.57 കോടി രൂപയാണ് കണക്കാക്കിയത്. സാങ്കേതികാനുമതി ഉത്തരവിൽ അത് 28.69 കോടി ആയി ഉയർന്നു. ഇവ തമ്മിൽ 5.12 കോടിയുടെ വ്യത്യാസമുണ്ടായി.
വൈദ്യുതി ലൈൻ മാറ്റാൻ 26,000 രൂപയും റീട്ടെയിനിങ് വാൾ പുനർനിർമിക്കാൻ 20.70 ലക്ഷവും വിവിധ കൺസൾട്ടൻസി നിരക്കായി 3.07 കോടിയും ഉൾപ്പെടുത്തി. സർക്കാറിന് 5.12 കോടി നഷ്ടം സംഭവിച്ചത് കോൺട്രാക്ടർക്ക് ലാഭം ഉണ്ടാക്കാനും അതുവഴി നിർമിതി കേന്ദ്രത്തിലെ ജീവനക്കാർ ഉൾപ്പെടെ സർവിസ് ചാർജിനങ്ങളിലും മറ്റും സാമ്പത്തികലാഭം ഉണ്ടാക്കാനും ഇടയാക്കിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. റിവർ മാനേജ്മെൻറ് ഫണ്ട് ക്രമവിരുദ്ധമായി വിനിയോഗിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ശിപാർശ.
ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ. ഡിസൈൻ കൺസൾട്ടൻറായി ഇൻറഗ്രൽ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി 2016 ജനുവരി ആറിനും നിർമാണ ചുമതലയുള്ള സെറംസ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയുമായി ഫെബ്രുവരി 24 നും നിർമിതി കേന്ദ്രം കരാർ ഒപ്പിട്ടു. കോട്ടയം ജില്ലയിലെ അരമന്നൂർ, ചവിട്ടുവേലി കടവ്, പത്തനംതിട്ടയിലെ കൈപട്ടൂർ, ചിറ്റൂർ കടവ്, തൃപ്പാറ സ്ഥലങ്ങളിലെ അഞ്ച് പാലം മാത്രമാണ് പ്രവർത്തനമാരംഭിച്ചത്.
2017 ഫെബ്രുവരി എട്ടിന് റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർമാണം തുടങ്ങിയിട്ടില്ലാത്ത നാലുപാലം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണം ആരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 2019 നവംബറിൽ പത്തനംതിട്ടയിൽ മൂന്നുസ്ഥലത്തും നേരിട്ട് പരിശോധന നടത്തിയപ്പോൾ, കരാർപ്രകാരം നിർമാണം ആരംഭിച്ചു നാലുവർഷം കഴിഞ്ഞിട്ടും 7.81 കോടി രൂപ ചെലവഴിച്ചിട്ടും മൂന്നുപാലത്തിെൻറയും സബ് സ്ട്രക്ചർ വരെ മാത്രമാണ് നിർമിച്ചത്. മൂന്നു വർഷത്തോളമായി ഒരുപ്രവർത്തനവും സൈറ്റുകളിൽ നടന്നിട്ടില്ല. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.