സഹികെട്ടു, ഒടുവിൽ നീർനായ ഇരകൾ സംഗമിക്കുന്നു: ഗാന്ധി ജയന്തി ദിനത്തിൽ തെയ്യത്തുംകടവിലാണ് അത്യപൂർവ സംഗമം
text_fieldsകൊടിയത്തൂർ (കോഴിക്കോട്): നീർനായയെ പേടിച്ച് കുളിക്കാനും തുണി അലക്കാനും വെള്ളം കോരാനും പുഴയിലിറങ്ങാനാവാതെ പൊറുതിമുട്ടിയ ജനങ്ങൾ ഒടുവിൽ സംഗമിക്കുന്നു. നീർനായയുടെ ആക്രമണത്തിനിരയായ നൂറ് കണക്കിന് പേരാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ തെയ്യത്തുംകടവിൽ നടക്കുന്ന അത്യപൂർവ സംഗമത്തിൽ പങ്കെടുക്കുക.
നാല് വർഷത്തിനിടെ കാരശ്ശേരി, കൊടിയത്തൂർ, ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെയും മുക്കം നഗര സഭയിലെയും നിരവധി പേർക്കാണ് നീർനായുടെ കടിയേറ്റത്. കുളിക്കുവാൻ ഉൾപ്പെടെ പുഴയെ മാത്രം ആശ്രയിച്ചിരുന്നവർ നീർനായെ ഭയന്ന് പുഴയിൽനിന്ന് അകന്നു പോയിരിക്കുകയാണ്.
നീർനായ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ‘എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ’ വനം മന്ത്രിയെയും വകുപ്പ് അധികാരികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളും ജനപ്രതിധികളും സാമൂഹിക പ്രവർത്തകരും ചേർന്നുള്ള കൂട്ടായ ചർച്ചയും ആക്ഷൻപ്ലാൻ തയ്യാറാക്കലും സംഗമത്തിൽ നടക്കും. ജനങ്ങൾ ഭീതിയില്ലാതെ പുഴയിലിറങ്ങുന്ന സ്ഥിതി തിരിച്ച് കൊണ്ട് വരുന്നതിനും കുളിക്കടവുകളിൽ ഇരുമ്പ് വല സ്ഥാപിച്ച് പുഴയിൽ ഇറങ്ങി കുളിക്കുവാൻ സൗകര്യം ഒരുക്കുന്നതിനും ഇരകൾക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.