പുഴയോര റോഡരികിൽ കൈവേലികൾ നിർമിക്കും
text_fieldsനീലേശ്വരം: നഗരസഭാ പരിധിയിലെ പുഴയോര പാതകളിലെ അപകടസാധ്യത ഒഴിവാക്കാൻ റോഡരികുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ നടപടി ആരംഭിച്ചു. ഇതുസംബന്ധിച്ച് 'മാധ്യമം' ചൊവ്വാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി നീലേശ്വരം ഓർച്ച പുഴയോര റോഡരികിൽ ലോഹ ബീം ക്രാഷ് കൈവരി സ്ഥാപിക്കും. 300 മീറ്റർ നീളത്തിലാണ് നിർമിക്കുന്നത്. ഇതോടൊപ്പം വേഗത നിയന്ത്രിക്കുന്നതിന് റംമ്പിൾ സ്ട്രിപ്സ് റോഡുകളിൽ സ്ഥാപിക്കുന്നതിന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിെൻറ സാങ്കേതിക സഹായം നഗരസഭ തേടും.
പദ്ധതിക്കുള്ള തുക റോഡ് സേഫ്റ്റി കൗൺസിലിൽനിന്ന് ലഭ്യമാക്കുന്നതിന് ശ്രമം നടത്തും. എന്നാൽ, ഏറ്റവും വേഗത്തിൽ ഈ സംവിധാനമൊരുക്കേണ്ട സ്ഥലങ്ങളിൽ നഗരസഭ സ്വന്തം ഫണ്ടിൽ നിന്നും തുക കണ്ടെത്തി പ്രവൃത്തി ആരംഭിക്കും.
തീരദേശ വാർഡ് കൗൺസിലർമാരുമായി സഹകരിച്ച് ഇത്തരം വാർഡുകളിൽ നേരത്തേ അംഗീകാരം ലഭിച്ച പദ്ധതികൾക്ക് ഭേദഗതി വരുത്തി പുഴയോര റോഡുകൾക്കുള്ള സംരക്ഷണ പ്രവർത്തനം നടത്താൻ തുക കണ്ടെത്തും. ജില്ല പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. വിനോദ് കുമാർ നഗരസഭയിലെ വിവിധ പുഴയോര റോഡുകളിലെ അപകടസാധ്യത പ്രദേശങ്ങൾ സന്ദർശിച്ചു.
നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, വൈസ് ചെയർമാൻ വി. ഗൗരി, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം. സന്ധ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.പി. മുഹമ്മദ് റാഫി, എൻജിനീയർ കെ. ഗണേശൻ, ഓവർസിയർ എം. സത്യൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.