അച്ഛനോടിയെത്തി, റിയ നേരെ ആശുപത്രിയിലേക്ക്; ഒടുവിൽ എ ഗ്രേഡ്
text_fieldsകൊല്ലം: കൂട്ടുകാരികളുടെ കൈപിടിച്ച് പടിയിറങ്ങി ഒരുവിധം താഴെയെത്തിയപ്പോഴേക്കും റിയ തെരേസ് ചുമച്ചുകുഴഞ്ഞിരുന്നു. വാതിലിൽ അക്ഷമനായി കാത്തുനിന്ന പിതാവ് സെബാസ്റ്റ്യൻ ജോണും അമ്മ നിഷ ജോണും മകളെ പുറത്തിറക്കിയപ്പോഴേക്കും അടുത്ത് കണ്ട പൈപ്പിൻ ചുവട്ടിലേക്ക് ചുമച്ചു തളർന്ന് അവൾ കയറി.
പൊന്നുമോളുടെ പിടപ്പ് കണ്ട പിതാവിന്‍റെ നെഞ്ച് നൊന്തതോടെ അതുവരെ കെട്ടിവെച്ച രോഷം മുഴുവൻ അധ്യാപകൻ കൂടിയായ സെബാസ്റ്റ്യൻ അവിടെ നിന്ന സംഘാടകരോട് ഇറക്കിവെച്ചു. ചുമ കാരണം പ്രയാസപ്പെട്ടിരുന്ന മകൾ കളിച്ചിറങ്ങുമ്പോൾ അസ്വസ്ഥത ഉണ്ടാകുമെന്ന് അറിയാവുന്നതിനാൽ തിരികെകൂട്ടാൻ മുകൾനിലയിലെ സ്റ്റേജിന് പിറകിലേക്ക് കയറാൻ ഓടിയെത്തിയിട്ടും തടയപ്പെട്ട പിതാവിന്‍റെ പ്രതികരണം രൂക്ഷമാകാതിരിക്കുന്നതെങ്ങനെ.
സി.എസ്.ഐ കൺവെൻഷൻ സെന്‍ററിലെ മൂന്നാം വേദിയിൽ എച്ച്.എസ്.എസ് മാർഗംകളി ആദ്യം കളിച്ചിറങ്ങിയ കോഴിക്കോട് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് വിദ്യാർഥിനി റിയ തെരേസ് ആണ് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയത്. തന്നെ തടയാൻ വലിയ വാദം പറഞ്ഞ സംഘാടകരുടെ മുഖത്ത് നോക്കി ഫസ്റ്റ് എയ്ഡ് എവിടെയെന്ന സെബാസ്റ്റ്യന്‍റെ ചോദ്യത്തിന് ഉത്തരമുണ്ടായില്ല. മറ്റ് കുട്ടികളുടെ രക്ഷിതാക്കളും സ്കൂൾ അധികൃതരും കാഴ്ചക്കാരും സംഘാടകരുടെ കടുംപിടുത്തത്തിനെതിരെ കാര്യമായി പ്രതികരിച്ചു. വേദിക്ക് മുന്നിൽ തന്നെ ആംബുലൻസ് ഉണ്ടായിട്ടും ഡ്രൈവർ ഉണ്ടായിരുന്നില്ല. പുറത്തെ മെഡിക്കൽ കേന്ദ്രത്തിലെ നഴ്സ് എത്തിയപ്പോഴേക്കും സ്വന്തം കാർ എത്തിച്ച് മാതാപിതാക്കൾ കുട്ടിയെ അടുത്തുള്ള ഉപാസന ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ കളിച്ച് ഇറങ്ങിവരുന്ന ഭാഗത്തേക്ക് ആംബുലൻസ് മാറ്റിയിടാനുള്ള ബോധം ഇതോടെ സംഘാടകർക്ക് കിട്ടി.
പിന്നീട് കുഴഞ്ഞുവീണവർക്കൊക്കെ ഇത് ആശ്വാസമായി. കുട്ടികളുടെ അവസ്ഥ മോശമാകുന്നത് സാധാരണമെങ്കിലും സംഘാടകരുടെ പെരുമാറ്റം മുറിപ്പെടുത്തി എന്ന പരിഭവമാണ് കോഴിക്കോടൻ സംഘത്തിനുണ്ടായത്. റിയയുടെ അവസ്ഥകണ്ട് കരഞ്ഞ കൂട്ടുകാരികൾക്ക് അവൾ ആശുപത്രിയിൽ ഡ്രിപ്പിട്ട്സുഖമായി കിടക്കുന്നു എന്നറിഞ്ഞപ്പോഴാണ് ആശ്വാസമായത്. പിന്നാലെ വൈകിട്ട് ഫലപ്രഖ്യാപനത്തിൽ ‘എ ഗ്രേഡ്’ റിയക്കൊപ്പം ഒത്തൊരുമിച്ചിരുന്ന് കേട്ടതോടെ സന്തോഷം ഇരട്ടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.